ഇന്ത്യ-കാനഡ ബന്ധം ഉലച്ച നിജ്ജാർ കൊലപാതകം; ഇന്ത്യൻ പൗരന്മാരായ മൂന്ന് പ്രതികൾ കാനഡയിൽ പിടിയിൽ; സ്റ്റുഡന്റ് വിസയിലെത്തിയവരെന്ന് സൂചന

ഒട്ടാവ: ഇന്ത്യ കൊടും കുറ്റവാളിയായ പ്രഖ്യാപിച്ച ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ പിടിയിലായെന്ന് റിപ്പോർട്ട്. കരൻ പ്രീത് സിങ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ തുടങ്ങിയ പ്രധാനപ്രതികളാണ് പിടിയിലായതെന്ന് കാനഡയിലെ സി ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.

പ്രതികളെ വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സ്റ്റുഡന്റ് വിസയിലെത്തിയവരാണ് പ്രതികളെന്ന് കാനഡ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 10 മാസക്കാലം കേസിൽ തുമ്പുണ്ടായില്ലെങ്കിലും ഒടുവിൽ കുടുംബത്തിനും സമുദായത്തിനും അനുകൂലമായ നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്ന് ബിസി ഗുരുദ്വാര കൗൺസിൽ വക്താവ് മൊനീന്ദർ സിങ് പ്രതികരിച്ചു.

നേരത്തെ, മാർച്ച് ഒമ്പതിന് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാനഡ ആസ്ഥാനമായ സിബിസി ന്യൂസ്പുറത്തുവിട്ടിരുന്നു. നിജ്ജാറിൻറെ ചാരനിറത്തിനുള്ള പിക്കപ്പ് ട്രക്ക് ഗുരുദ്വാരയിൽ നിന്ന് പുറത്തേക്ക് പോകുന്നതും വെള്ള സെഡാൻ കാർ ട്രക്കിന് തടസം തീർക്കുന്നതും രണ്ടു പേർ ഓടി നിജ്ജാറിന്റെ സമീപമെത്തി വെടിയുതിർക്കുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്.

2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ വെച്ച് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്റെ കരങ്ങളാണ്’ എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പരാമർശിച്ചത് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ തകർത്തിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

ALSO READ-രോഹിത് വെമുല ദളിതനല്ലെന്ന റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ട്; തുടരന്വേഷണം ഉണ്ടാകുമെന്ന് ഡിജിപി; കുടുംബം മുഖ്യമന്ത്രിയെ കാണും

ജലന്ധറിലെ ഭർസിങ്പുര സ്വദേശിയായ 46കാരൻ ഹർദീപ് സിങ് നിജ്ജാർ ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ചീഫുമായിരുന്നു. ഇന്ത്യ 10 ലക്ഷം രൂപയാണ് കൊടും ഭീകരനായി കണക്കാക്കിയിരുന്ന നിജ്ജാറിന്റെ തലക്ക് വിലയിട്ടിരുന്നത്.

Exit mobile version