ചരിത്രം തിരുത്തി യുഎസ്: ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയായി തെരഞ്ഞെടുത്ത് ജോ ബൈഡൻ; ഈ പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ

Lloyd Austin | world news

വാഷിങ്ടൺ: യുഎസ് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ-അമേരിക്കൻ വംശജൻ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക്. ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുത്തതായാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ താൻ തീരുമാനമെടുത്തതായി മുമ്പ് ബൈഡൻ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഓസ്റ്റിൻ പദവി ഏറ്റെടുക്കുന്നതിന് സെനറ്റിന്റെ സ്ഥീരീകരണം ആവശ്യമാണ്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം പെന്റഗൺ മേധാവിയാകണമെങ്കിൽ ഏഴ് വർഷം കഴിഞ്ഞെ പാടുള്ളൂ എന്ന് ഫെഡറൽ നിയമമുണ്ട്. സൈന്യത്തിൽ നിന്നും വിരമിച്ച വ്യക്തിയായതിനാൽ ലോയ്ഡിന് സെനറ്റിൽ നിന്ന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.

യുഎസ് സെൻട്രൽ കമാൻഡ് തലവനായിരുന്ന ലോയ്ഡ് ഓസ്റ്റിൻ 2003ൽ യുഎസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിച്ച വ്യക്തിയാണ്. നാല് ദശാബ്ദക്കാലമാണ് യുഎസ് സൈന്യത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചത്. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. പ്ലാറ്റൂണുകളെ നയിക്കൽ, ലോജിസ്റ്റിക് ഗ്രൂപ്പുകളുടെ പ്രവർത്തനം, റിക്രൂട്ടിങ്ങിന്റെ മേൽനോട്ടം, മുതിർന്ന പെന്റഗൺ ജോലികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016ലാണ് ലോയ്ഡ് ഓസ്റ്റിൻ സൈന്യത്തിൽ നിന്ന് വിരമിക്കുന്നത്.

2012ൽ ലോയ്ഡ് മിഡിൽ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും പെന്റഗൺ ദൗത്യങ്ങളുടെ ചുമതലയുള്ള സെൻട്രൽ കമാൻഡിന്റെ കമാൻഡറായി നിയോഗിക്കപ്പെടുകയും വിരമിച്ച ശേഷം റെയ്‌ത്തോൺ ടെക്‌നോളജീസിന്റെ ഡയറക്ടർ ബോർഡ് അംഗമാവുകയും ചെയ്തിരുന്നു. പെന്റഗണിന്റെ ഏറ്റവും വലിയ കോൺട്രാക്ടറാണ് റെയ്‌ത്തോൺ ടെക്‌നോളജീസ്.

Exit mobile version