ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരം തൊടും

cyclone burevi | big news live

കൊളംബൊ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈത്തീവിനും ഇടയില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് തീരം തൊട്ടത്.

ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് പാമ്പന്‍ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരം തൊടും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടായിരിക്കും കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ ബുറെവി ചുഴലിക്കാറ്റ് തിരുവനന്തപുരം, കൊല്ലം തീരങ്ങള്‍ക്കിടയിലൂടെ അറബിക്കടലില്‍ പ്രവേശിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘങ്ങളെ തെക്കന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വായുസേനയും നാവിക സേനയും സജ്ജമാക്കി. സംസ്ഥാനത്ത് 2849 ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.

Exit mobile version