പുതുക്കിപ്പണിയാന്‍ 100 വര്‍ഷം പഴക്കമുള്ള വീട് പൊളിച്ചു, ചുവരിനുള്ളില്‍ നിന്നും ലഭിച്ചത് 66 കുപ്പി വിസ്‌കി, അമ്പരന്ന് ദമ്പതികള്‍

ന്യൂയോര്‍ക്ക്: പുതുക്കിപ്പണിയാനായി വീടുപൊളിച്ചപ്പോള്‍ കിട്ടിയത് 66 കുപ്പി വിസ്‌കി. സംഭവം കണ്ട് അമ്പരന്നിരിക്കുകയാണ് ദമ്പതികള്‍. ന്യൂയോര്‍ക്കിലായിരുന്നു സംഭവം നടന്നത്. നൂറു വര്‍ഷം പഴക്കമുള്ള വീടിന്റെ മരംകൊണ്ടുള്ള പുറംഭിത്തി പൊളിച്ചപ്പോഴാണ് 66 കുപ്പി വിസ്‌കി കണ്ടെത്തിയത്.

ഒരുവര്‍ഷം മുന്‍പാണ് ആമിസിലെ ഈ പഴയ വീട് നിക്ക് ഡ്രമ്മണ്ഡും പാട്രിക് ബക്കറും വാങ്ങുന്നത്. പണ്ട് ഈ വീടിന്റെ ഉടമ കുപ്രസിദ്ധനായ ഒരു മദ്യക്കടത്തുകാരനായിരുന്നു എന്ന് അവര്‍ കേട്ടിരുന്നു. എന്നാല് ഇത്രയും വലിയൊരു അത്ഭുതം ആ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ പഴയ ഉടമ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നു.

ഡ്രമ്മണ്ഡ് തന്റെ വീട്ടില്‌നിന്ന് മദ്യക്കുപ്പികള്‍ ലഭിച്ച വിവരം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ലോകത്തെ അറിയിച്ചത്. വീട് പുത്തുക്കിപ്പണിയുന്നതിനിടയില്‍ ഞങ്ങള്‍ക്ക് ലഭിച്ച വിചിത്രമായ സംഗതി എന്ന അടിക്കുറിപ്പോടെ മദ്യക്കുപ്പികളുടെ ചിത്രം അദ്ദേഹം പങ്കുവെച്ചു. പിന്നീട് ചുവര്‍ പൊളിച്ച് മദ്യക്കുപ്പികള്‍ പുറത്തെടുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

1915ല്‍ ആണ് ഈ വീട് നിര്മിച്ചതെന്നാണ് ഡ്രമ്മണ്ഡ് പറയുന്നത്. അക്കാലത്ത് ഇവിടെ മദ്യനിരോധനമുണ്ടായിരുന്നു. അക്കാലത്ത് വീട്ടുടമസ്ഥന്‍ ഒളിപ്പിച്ചുവെച്ചതാണ് മദ്യക്കുപ്പികള്‍ എന്നാണ് കരുതുന്നത്. വീട്ടുടമസ്ഥനെക്കുറിച്ച് കേട്ടിരുന്ന കഥകള്‍ സത്യമാണെന്ന് വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിശ്വാസമായി. അയാള്‍ ശരിക്കുമൊരു ഗംഭീര മദ്യക്കടത്തുകാരന് തന്നെയായിരുന്നു. ഈ വീട് നിര്‍മിച്ചിരിക്കുന്നതുതന്നെ മദ്യംകൊണ്ടാണ്, ഡ്രമ്മണ്ഡ് തന്റെ പോസ്റ്റില്‍ പറയുന്നു.

Exit mobile version