കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരിക്ക് സ്രാവിന്റെ കടിയേറ്റ് ദാരുണമരണം

australian shark

സിഡ്‌നി: കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലാണ് ദാരുണസംഭവം. ഓസീസിന്റെ വടക്കു പടിഞ്ഞാറൻ സമുദ്രതീരത്തെ കേബിൾ ബീച്ചിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

സ്രാവിന്റെ കടിയേറ്റ ഇയാളെ വെള്ളത്തിന് പുറത്തെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. ബ്രൂം പട്ടണത്തിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കേബിൾ ബീച്ചിൽ സ്രാവിന്റെ ആക്രമണം താരതമ്യേന കുറവാണ്.

പക്ഷെ, ഈ ബീച്ചിൽ അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന് അധികൃതർ പറയുന്നു. ഇതേതുടർന്ന് വർഷത്തിൽ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുമുണ്ട്.

അതേസമയം, രാജ്യത്ത് ഈ വർഷം റിപ്പോർട്ട് ചെയ്ത സ്രാവിന്റെ ആക്രമണത്തിലുണ്ടായ എട്ടാമത്തെ മരണമാണിത്. 22ഓളം ആക്രമണങ്ങളാണ് രാജ്യത്തെ വിവിധ ബീച്ചുകളിലുണ്ടായതെന്ന് ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഏജൻസിയായ തരോങ്ക കൺസർവേഷൻ സൊസൈറ്റി പറഞ്ഞു.

Exit mobile version