ഈജിപ്തിൽ നിന്നും 2500 വർഷം പഴക്കമുള്ള നൂറോളം മമ്മികൾ കണ്ടെത്തി; മണ്ണിനടിയിൽ മറഞ്ഞ് കിടക്കുന്നത് അനേകം മമ്മികൾ

കെയ്‌റോ: ചരിത്രാന്വേഷികളെ ത്രില്ലടിപ്പിച്ച് ഈജിപ്തിൽ നിന്നും വീണ്ടും കൂട്ടത്തോടെ മമ്മികളെ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. ഈജിപ്തിലെ സക്കാറയിൽ നിന്ന് ഗവേഷകർ 2500 വർഷം പഴക്കമുള്ള നൂറോളം മമ്മികൾ കണ്ടെത്തിയതായാണ് വിവരം.

യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള പ്രദേശമാണ് സക്കാറ. പുരാതന ഈജിപ്തിന്റെ തലസ്ഥാനമാണ് പിരമിഡുകൾ ധാരാളമായി കാണപ്പെടുന്ന സക്കാറ. കഴിഞ്ഞ സെപ്റ്റംബറിൽ ഏകദേശം 2,500 വർഷം പഴക്കമുള്ള 13 മമ്മികളാണ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നത്.

ഇപ്പോൾ ഗവേഷണം നടക്കുന്ന മരുഭൂമി സക്കാറയുടെ ശ്മശാനമാണെന്നാണ് കണ്ടെത്തൽ. ഇപ്പോൾ കണ്ടെത്തിയതിന് പുറമെ ഭൂമിക്കടിയിൽ ശവപ്പെട്ടികളുടെ വലിയ ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2500 വർഷമെങ്കിലും പഴക്കമുള്ളതാണ് ഈ ശേഖരം എന്നാണ് വിദ്ഗദ്ധർ പറയുന്നത്.

ആഴ്ചകൾക്ക് മുമ്പ് 2500 വർഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങൾക്ക് മുന്നിൽവെച്ച് പുരാവസ്തു ഗവേഷകർ തുറന്നിരുന്നു. അലങ്കരിച്ച തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മമ്മി.

2500 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്ത ഇവ ആദ്യമായാണ് പുറത്തെടുത്തുന്നത്. ഖനനം ചെയ്‌തെടുത്ത ശവപ്പെട്ടികളും പുരാവസ്തുക്കളും സക്കാറയിലെ എക്‌സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

നവംബർ 14നും ശവപ്പെട്ടികളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നു. ഇതോടെ സക്കാറയിൽ നിന്ന് കണ്ടെത്തിയ ശവപ്പെട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു.

Exit mobile version