പെൻസിൽവാനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റം; വിജയമുറപ്പിച്ചു ബൈഡൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റങ്ങൾ നടത്തി ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥി ജോ ബൈഡൻ. ട്രംപും ബൈഡനും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന പെൻസിൽവാനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് ഉണ്ടായിരിക്കുന്നത്. പെൻസിൽവാനിയയിൽ 5587 വോട്ടിന്റെ ലീഡാണ് ബൈഡനുളളത്. ജോർജിയ നേടാനായാൽ മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ 270 ഇലക്ട്രൽ വോട്ടുകൾ ബൈഡന് കരസ്ഥമാക്കാൻ സാധിക്കും. 20 ഇലക്ട്രൽ വോട്ടുകളാണ് പെൻസിൽവാനിയയിൽ ഉളളത്. 2016ൽ ട്രംപ് നേടിയ സംസ്ഥാനമാണ് പെൻസിൽവാനിയ.

ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തുവരാനുളളത്. ട്രംപിന് മേധാവിത്വമുണ്ടായിരുന്ന ജോർജിയയിലും ബൈഡൻ മുന്നിൽ തന്നെയാണ്. 1097 വോട്ടുകൾക്ക് മുന്നിലാണ് ഇവിടെ ബൈഡൻ. 16 ഇലക്ട്രൽ വോട്ടുകളാണ് ജോർജിയയിൽ ഉളളത്. ജോർജിയയിൽ 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞു. അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം.

Exit mobile version