തെറ്റായ കാര്യം പറഞ്ഞാൽ പ്രസിഡന്റ് ആണെന്ന് ഒന്നും നോക്കില്ല; ട്രംപിന്റെ വാർത്തസമ്മേളന പ്രക്ഷേപണം പാതിയിൽ നിർത്തി യുഎസ് മാധ്യമങ്ങൾ

വാഷിങ്ടൺ: തെറ്റായതും നിയമത്തിന് എതിരായതുമായ കാര്യങ്ങൾ ചെയ്യുന്നത് പ്രസിഡന്റായാലും അംഗീകരിക്കില്ലെന്ന നിലപാട് എടുത്ത് യുഎസ് മാധ്യമങ്ങൾ. ട്രംപിന്റെ തത്സമയ വാർത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്ക
ുകയാണ് അമേരിക്കൻ വാർത്താ മാധ്യമങ്ങൾ. ജനഹിതത്തെ സംശയിച്ച ട്രംപിന്റെ വാക്കുകളോട് പ്രതിഷേധിച്ചാണ് ചാനലുകൾ ലൈവ് സംപ്രേഷണം നിർത്തിവെച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ നടപടി സ്വീകരിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിഡന്റ് പറയുന്നു എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചു.

വിജയം തട്ടിയെടുക്കാൻ ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു എന്നാണ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സമാന കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനിടക്കാണ് ചാനലുകൾ സംപ്രേഷണം നിർത്തിയത്.

മാധ്യമങ്ങൾ ഒരു അസാധാരണ സാഹചര്യത്തിൽ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാർത്താ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എംഎസ്-എൻബിസി ചാനൽ സംപ്രേഷണം നിർത്തിയത്. എൻബിസി-എബിസി ന്യൂസും ഇത്തരത്തിൽ സംപ്രേഷണം നിർത്തി.

Exit mobile version