പാരീസിലെ മോസ്‌ക് ആറ് മാസത്തേക്ക് അടച്ചു; ഹമാസ് അനുകൂല സംഘടനയ്ക്ക് വിലക്ക്; നടപടികൾ കർശ്ശനമാക്കി ഫ്രാൻസ്

പാരീസ്: കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതിനൊപ്പം നടപടികളും കർശ്ശനമാക്കി ഫ്രാൻസ് ഭരണകൂടം. പ്രവാചകന്റെ ചിത്രം ക്ലാസിൽ പ്രദർശിപ്പിച്ചതിന് അധ്യാപകനെ 18കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഫ്രാൻസിന്റെ കടുത്ത നടപടി. ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പാരീസിലെ മുസ്ലിംപള്ളി അധികൃതർ അടച്ചിട്ടു. പള്ളി അടച്ചതിന് പുറമെ ഹമാസ് അനുകൂല മുസ്ലിം സംഘടനയ്ക്കും വിലക്ക് ഏർപ്പെടുത്തിയതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി. നേരത്തെ ഡസൻ കണക്കിന് മുസ്ലിം പള്ളികളും മുസ്ലിം മതപഠന കേന്ദ്രങ്ങളും അധികൃതർ അടപ്പിച്ചിരുന്നു,

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സാമുവൽ പാറ്റി എന്ന 47 കാരനായ ചരിത്ര അധ്യാപകനെ കൗമാരക്കാരൻ തലയറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ 18കാരനായ അക്രമിയെ പോലീസ് വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. കൊലപാതകത്തിന് മുൻപ് ഭീകരൻ, സാമുവൽ പാറ്റിയുടെ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിനിയുടെ പിതാവ് അധ്യാപകനെതിരെ അണിനിരക്കുന്നതിന് ഓൺലൈൻ ക്യാംപയിനും നടത്തിയിരുന്നെന്നും പോലീസ് കണ്ടെത്തി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫ്രാൻസിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ ഒരു ഡസനോളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് രാത്രിയോടെ പള്ളി അടക്കുന്ന നടപടികളിലേക്ക് കടന്നത്. അധ്യാപകനെതിരെ ഈ രക്ഷകർത്താവ് വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോൾ അടക്കാൻ നിർദേശിച്ചിരിക്കുന്ന പള്ളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഈ വീഡിയോ പങ്കുവച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പാരീസിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള പാന്റിൻ നഗരപ്രാന്തത്തിലുള്ള പള്ളി ബുധനാഴ്ച രാത്രി മുതൽ ആറുമാസത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയിലുള്ള രക്ഷകർത്താവ് തന്റെ ഫോൺ നമ്പർ ഫേസ്ബുക്കിൽ നൽകുകയും ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് 18കാരനായ അക്രമി ചെചെൻ അബ്ദുല്ലഖ് അൻസോറോവ് വാട്‌സാപ്പിൽ സന്ദേശങ്ങൾ കൈമാറുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടക്കുന്നതിന് ഒരാഴ്ച മുൻപ് സാമുവൽ പാറ്റി അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ക്ലാസിൽ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ കാണിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് വധ ഭീഷണിയും ലഭിച്ചിരുന്നു.

Exit mobile version