രണ്ടാമത്തെ കൊവിഡ് വാക്‌സിനും അനുമതി നൽകി റഷ്യ; എപിവാക് കൊറോണ പരീക്ഷണം ആദ്യഘട്ടം പൂർത്തിയായി

മോസ്‌കോ: രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിനും അനുമതി നൽകി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ആണ് വാക്‌സിന് അനുമതി നൽകുന്നതായി പ്രഖ്യാപിച്ചത്. രണ്ട് വാക്‌സിനുകളുടേയും ഉത്പാദനം വർധിപ്പിക്കണമെന്നും കൊവിഡ് പ്രതിരോധത്തിൽ വിദേശരാജ്യങ്ങളെ സഹകരിപ്പിക്കുമെന്നും പുടിൻ വ്യക്തമാക്കി.

എപിവാക്‌കൊറോണ(EpiVacCorona) എന്ന പേരുള്ള വാക്‌സിൻ സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വികസിപ്പിച്ചത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണം 100 പേരിൽ കഴിഞ്ഞമാസം പൂർത്തിയായിരുന്നു. നവംബർ-ഡിസംബർ മാസങ്ങളിലായി എപിവാക്‌കൊറോണ വാക്‌സിൻ വൻതോതിൽ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സൈബീരിയയിൽ നിന്നുള്ള 5000 പേരുൾപ്പെടെ 30,000 ആളുകളിലാവും വാക്‌സിൻ പരീക്ഷിക്കുക.

അതേസമയം, റഷ്യ ആദ്യം പുറത്തിറക്കിയ ആഭ്യന്തരമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സ്പുട്‌നിക്5 വാക്‌സിൻ ഇതുവരെ പൊതുജനങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല. നിലവിൽ മോസ്‌കോയിലെ 40000 വളണ്ടിയർമാർക്ക് മാത്രമാണ് സ്പുട്‌നിക് നൽകിയത്. ഇന്ത്യയിലും സ്പുട്‌നിക് ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്.

Exit mobile version