വിവാഹച്ചെലവ് പേടിക്കേണ്ട, ഒന്നു വിവാഹം കഴിക്കൂ; ലക്ഷക്കണക്കിന് രൂപ തരാം; യുവാക്കളുടെ കാല് പിടിച്ച് ഈ സർക്കാർ; ഇവിടെയല്ല, അങ്ങ് ദൂരെയാ!

ടോക്കിയോ: ജനനനിരക്ക് കുറഞ്ഞതോടെ ജനസംഖ്യ ആശങ്കപ്പെടുത്തുന്ന വിധത്തിൽ താഴുമെന്ന് മുന്നിൽക്കണ്ട് യുവാക്കളെ വിവാഹത്തിനായി നിർബന്ധിച്ച് ഈ സർക്കാർ. വിവാഹച്ചെലവ് ആലോചിച്ച് വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞ് നിൽക്കുന്നവരാണെങ്കിൽ സർക്കാർ ധനസഹായവും നൽകും. പണെ ഒരു പ്രശ്‌നമല്ല, നിങ്ങളൊന്ന് വിവാഹം കഴിച്ച് കണ്ടാൽ മതിയെന്ന് നാട്ടിലെ യുവത്വത്തോട് പറയുന്നത് ജപ്പാൻ സർക്കാരാണ്. രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് മറികടക്കാനായാണ് പുതിയതായി വിവാഹിതരാകുന്നവർക്ക് ഒരു സാമ്പത്തിക പാക്കേജും നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നവമ്പതികൾക്ക് 6,00,000 യെൻ (4.2ലക്ഷം രൂപ) വരെ ജപ്പാൻ സർക്കാർ നൽകും. വരുന്ന ഏപ്രിൽ മുതലായിരിക്കും ഈ പദ്ധതി നടപ്പാക്കുക.

മുൻസിപ്പാലിറ്റി പരിധിയിൽ ജീവിക്കാൻ തീരുമാനിക്കുകയാണെങ്കിൽ താമസം മാറ്റുന്നതിന് ഉൾപ്പടെ സർക്കാർ പൂർണപിന്തുണയും നൽകും. ജപ്പാൻ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ജനനനിരക്കിൽ റെക്കോഡ് കുറവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. വൈകിയുള്ള വിവാഹവും ചിലർ അവിവാഹിതരായി തുടരുന്നതുമാണ് കുറഞ്ഞ ജനനനിരക്കിനുള്ള കാരണം. ഇതിന് മാറ്റം വരുത്താനാണ് സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അതേസമയം, വിവാഹം കഴിക്കുന്നവർക്ക് സർക്കാരിന്റെ പണം ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. വിവാഹിതരാകുന്നവർ 40 വയസിന് താഴെയുള്ളവർ ആയിരിക്കണം. മാത്രമല്ല, ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായിരിക്കുകയും വേണം. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതേസമയം, 35 വയസിൽ താഴെയുള്ളവർക്കാണെങ്കിൽ നിയമം അൽപം വ്യത്യസ്തമാണ്. വരുമാനം 33 ലക്ഷത്തിലും താഴെയാണെങ്കിൽ അവർക്ക് വിവാഹത്തിന് 2.1 ലക്ഷം രൂപയായിരിക്കും സർക്കാർ നൽകുക. വാടക, നിക്ഷേപം, ഇളവുകൾ, സ്ഥലം മാറുന്ന ചെലവുകൾ എന്നിവയുൾപ്പെടെ വിവിധ ജീവിത ചെലവുകളാണ് പോളിസി തുകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിവാഹത്തിനുള്ള പണച്ചെലവ് ആലോചിച്ച് ജപ്പാനിലെ ആളുകൾ വൈകി വിവാഹം കഴിക്കുകയോ അവിവാഹിതരായി കഴിയുകയോ ആണ് ചെയ്യുന്നത്. ഇതിന് മാറ്റം വരുത്താനാണ് നവദമ്പതിമാർക്ക് സാമ്പത്തികസഹായം നൽകാൻ സർക്കാർ തീരുമാനം. നാഷണൽ ഇൻസ്റ്റിറ്റിയൂട് ഓഫ് പോപുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ച് 2015ൽ നടത്തിയ സർവ്വേയിൽ 25 വയസിനും 34 വയസിനും ഇടയിൽ പ്രായമുള്ളവരിൽ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി തന്നെ തുടരുകയാണെന്ന് കണ്ടെത്തിയിരുന്നു.

Exit mobile version