അവർ പ്രസിഡന്റ് ആയാൽ രാജ്യത്തിന് അപമാനം: ട്രംപ്

വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ പരിഹാസവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമല്ലെന്നും അവർ പ്രസിഡന്റായാൽ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോർത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമർശം.

ജനങ്ങൾക്ക് അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ പ്രസിഡന്റാകാൻ അവർക്ക് കഴിയില്ല. ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, അത് രാജ്യത്തിന് തന്നെ നാണക്കേടാണ്. ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം ഇപ്പോൾ വ്യക്തമാണ്. അവർക്ക് നന്നായി അറിയാം അമേരിക്കയെ തകർക്കുന്ന നയങ്ങൾ മാത്രമറിയുന്നയാളാണ് ബൈഡൻ എന്നും ട്രംപ് ആരോപിച്ചു. ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് ചൈനയുടെ കൂടി വിജയമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടെതെന്നും ചൈന ഇപ്പോൾ പുറത്തുവിട്ട ‘പ്ലേഗ്’ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കമല വൃത്തികെട്ട ആളാണെന്നായിരുന്നു ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമർശം. കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

Exit mobile version