മാസ്‌ക് ധരിക്കാതെയും പ്രതിരോധം നടത്താതേയും ധിക്കാരം കാണിച്ചു; ബ്രസീൽ പ്രസിഡന്റിന്റെ മൂന്നാം കൊവിഡ് ടെസ്റ്റും പോസിറ്റീവ്

റിയോ: കൊവിഡ് രോഗത്തെ നിസാരമെന്ന് തള്ളിപ്പറഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോക്ക് മൂന്നാമത്തെ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ്. ജൂലൈ 7ന് കൊവിഡ് സ്ഥിരീകരിച്ച പ്രസിഡന്റിന് ഇതുവരെ ഫലം നെഗറ്റീവ് ആയിട്ടില്ല. തുടർ ടെസ്റ്റുകളിൽ എല്ലാം അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്. ഇതോടെ രണ്ടാഴ്ചത്തേക്കു കൂടി പ്രസിഡന്റ് ക്വാറന്റൈനിൽ തുടരും.

കൊവിഡ് നേരിയ രോഗലക്ഷണം മാത്രം കാണിക്കുന്നവർക്ക് രോഗം ഭേദമാകാൻ സാധാരണ രണ്ടാഴ്ചയാണ് എടുക്കാറ്. നിലവിൽ മുഖാമുഖമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി വീഡിയോ കോൺഫറൻസിങ് വഴിയാണ് ബൊൽസനാരോ യോഗങ്ങളും വാർത്താസമ്മേളനവും നടത്തുന്നത്. ബൊൽസനാരോയുടെ കാബിനറ്റിലെ നാലംഗങ്ങൾക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ കൊവിഡ് ചെറിയൊരു പനി മാത്രമാണെന്ന് പറഞ്ഞ് ഇത്രനാളും കൊവിഡിനെ നിസാരവത്കരിക്കുകയായിരുന്നു ബൊൽസനാരോ. മാസ്‌ക് ധരിക്കാൻ വിസമ്മതിച്ച് ആൾക്കൂട്ടങ്ങൾക്കിടയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും പതിവായിരുന്നു. കൊവിഡ് രോഗവ്യാപനം കൂടിയിട്ടും ലോക്ക്ഡൗണോ നിയന്ത്രണങ്ങളോ ഏർപ്പെടുത്താനും അദ്ദേഹം തയ്യാറായിരുന്നില്ല. മരിക്കേണ്ടവർ മരിക്കും എന്നായിരുന്നു ഇതിനൊക്കെയുള്ള ബ്രസീൽ പ്രസിഡന്റിന്റെ ന്യായം. ഈയടുത്താണ് അദ്ദേഹം മാസ്‌ക് ധരിച്ച് തുടങ്ങിയതുപോലും. അതേസമയം, ഇതുവരെ ബ്രസീലിൽ 22.27 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82,771 പേർ കോവിഡ് ബാധിതരായി മരണപ്പെട്ടു.

Exit mobile version