വായിൽ ചുവന്ന പാടുണ്ടോ? സൂക്ഷിക്കണം, കൊവിഡ് ലക്ഷണം ആകാമെന്ന് പുതിയ പഠനം

കൊവിഡ് രോഗത്തിന്റെ പുതിയ ലക്ഷണങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. വായിൽ കാണുന്ന ചുവന്ന പാടുകൾ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായേക്കാമെന്നാണ് വിദഗ്ധരുടെ പുതിയ പഠനം. മൂന്നിലൊന്ന് കോവിഡ് രോഗികൾക്കും അവരുടെ കൈകാലുകളിലെയും വായിലെയും ചർമത്തിൽ ചുവന്ന പാടുകളുണ്ടെന്ന് ഗവേഷകർ പുതിയ പഠനത്തിലൂടെ കണ്ടെത്തി. പനിയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകളും അടക്കമുള്ള കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തിൽ ചർമത്തിൽ പാടുകൾ കാണുന്നത്.

സ്‌പെയിനിലെ മാഡ്രിഡിലെ റമോൺ ഗജാൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. രോഗികളെത്തുമ്പോൾ ഇത്തരം ലക്ഷണങ്ങളുണ്ടോയെന്ന് അറിയാനായി ഡോക്ടർമാരും നഴ്‌സുമാരും വായ പരിശോധന നടത്തണമെന്നും ഗവേഷകർ പറയുന്നു.

അതേസമയം, പനി, ചുമ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെയാണ് കൊവിഡ് 19 മഹാമാരിയുടെ തുടക്ക ലക്ഷണങ്ങളായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് വിറയലും പേശീവേദനയും തലവേദനയും തൊണ്ടയിലെ അസ്വസ്ഥതയും രോഗലക്ഷണങ്ങളായി രേഖപ്പെടുത്തിയിരുന്നു. രുചിയും മണവും അറിയാത്ത അവസ്ഥയെ അടുത്തിടെ പുതിയ ലക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. രോഗത്തെ കൂടുതൽ അറിയാൻ തുടങ്ങുമ്പോൾ കൂടുതൽ രോഗലക്ഷണങ്ങളും കണ്ടെത്താൻ തുടങ്ങുമെന്നാണ് ആരോഗ്യരംഗത്ത് നിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ജാമ ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ഗവേഷകസംഘം പഠനത്തിനായി തിരഞ്ഞെടുത്ത 21 കോവിഡ് രോഗികളിൽ ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നാണ്. ആറുപേർക്ക് വായിലും മൂക്കിലും തൊണ്ടയിലുമൊക്കെയുള്ള ചർമത്തിൽ (മ്യൂക്കസ് മെംബ്രേയ്ൻ) ചെറിയ സ്‌പോട്ടുകൾ പോലെ കണ്ടെത്തിയിരുന്നു. പന്ത്രണ്ട് ദിവസത്തോളം ഈ ലക്ഷണങ്ങൾ ഇവരിൽ നിലനിന്നിരുന്നു. ഈ ആറ് രോഗികളെല്ലാവരും തന്നെ 40-69 പ്രായക്കാരായിരുന്നു. ഇവരിൽ നാല് പേർ സ്ത്രീകളുമായിരുന്നുവെന്നും പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങൾ ആദ്യമായിട്ടല്ല തിരിച്ചറിഞ്ഞതെന്നും ഇറ്റലിയിലെ കൊവിഡ് ബാധിതരിലും ഇതുപോലെ കണ്ടിരുന്നുവെന്നും ഗവേഷകർ പറയുന്നു.

Exit mobile version