ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടത്തുന്ന രാജ്യം അമേരിക്കയെന്ന് അവകാശവാദം, ചൈന ലോകത്തോട് ചെയ്തത് മറക്കാന്‍ കഴിയില്ലെന്നും ട്രംപ്

വാഷിംഗ്ടണ്‍: മറ്റ് രാജ്യങ്ങളേക്കാള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടത്തുന്ന രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വളരെ മികച്ച രീതിയിലാണ് തങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 34 ലക്ഷത്തിലധികം ആളുകളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 1,37,000 ത്തില്‍ കൂടുതല്‍ ആളുകളാണ് കൊവിഡ് ബാധ മൂലം മരണപ്പെട്ടത്. ഈ രണ്ട് കണക്കുകളും മറ്റേതൊരു രാജ്യങ്ങളേക്കാളും കൂടുതലാണ്. എന്നാല്‍ ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യം അമേരിക്കയാന്നാണ് ട്രംപിന്റെ അവകാശവാദം.

റഷ്യ, ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ വന്‍കിട രാജ്യങ്ങളെ അപേക്ഷിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടത്തുന്ന രാജ്യം അമേരിക്കയാണ്. ഭരണകൂടം നടത്തിയ വിപുലമായ പരിശോധനകളുടെ ഫലമായിട്ടാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്താന്‍ സാധിച്ചതെന്നും ട്രംപ് പറഞ്ഞു.

‘മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ വിപുലമായിട്ടാണ് ഞങ്ങള്‍ പരിശോധനകള്‍ നടത്തുന്നത്. നിങ്ങള്‍ പരിശോധന നടത്തുമ്പോള്‍ രോഗികളെ കണ്ടെത്തുന്നു. ഞങ്ങളുടെ പരിശോധനയുടെ ഫലമാണ് കൊവിഡ് രോഗികളുടെ കണ്ടെത്തല്‍.’ ട്രംപ് വ്യക്തമാക്കി.

തങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയിലാണ്. രാജ്യത്ത് കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണെന്നും അധികം താമസിയാതെ നല്ല വാര്‍ത്ത പുറത്തു വരുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ചൈന ലോകത്തോട് ചെയ്തത് മറക്കാന്‍ കഴിയില്ല. ചൈനയില്‍ നിന്ന് വന്ന പകര്‍ച്ചവ്യാധിയെ നിങ്ങള്‍ക്ക് ചൈന വൈറസ് എന്ന് വിളിക്കാം. നിങ്ങള്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നതെന്തും വിളിക്കാം. ഏകദേശം ഇരുപതോളം വ്യത്യസ്ത പേരുകളുണ്ടിതിന്. അവര്‍ ലോകത്തോട് ചെയ്ത് എന്താണെന്ന് മറക്കരുത്.’ ട്രംപ് വ്യക്തമാക്കി.

Exit mobile version