ലോകത്ത് കൊവിഡ് രോഗികൾ ഒരു കോടിയിലേക്ക്; പ്രാണവായുവിന് പോലും ഇല്ലാതെ ജനങ്ങൾ ദുരിതത്തിലാകുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കൊവിഡ് 19 രോഗത്തെ പിടിച്ചുകെട്ടാനാകാതെ ലോകം. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആവശ്യമായ പ്രാണവായു നൽകാൻ പോലും സാധിക്കാതെ വന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശ്വസനവൈഷമ്യമുള്ള രോഗികൾക്കുള്ള ഓക്‌സിജൻ സിലിണ്ടറിനായി ആളുകൾ നെട്ടോട്ടം ഓടേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവെച്ച ആശങ്ക.

ആരോഗ്യരംഗത്ത് മാത്രമല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ ലോകത്തെ നയിക്കുന്നതെന്ന് ടെഡ്രോസ് അദനം ഗബ്രിയോസിസ് പറഞ്ഞു. കാലങ്ങളോളം ജനങ്ങൾ കൊറോണയുടെ പരിണതഫലങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച്ച പാടില്ലെന്ന് നേരത്തേ തന്നെ സംഘടന രാജ്യങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

നിലവിൽ ആഗോള വ്യാപകമായി 88,000 വലിയ ഓക്‌സിജൻ സിലിണ്ടറിന്റെ ആവശ്യമാണ് ഇപ്പോഴുള്ളത്. ഇത് ഉയർന്നേക്കുമെന്നാണ് ആശങ്ക. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം തന്നെ ഒരു കോടിയിലേക്ക് അടുക്കുകയാണ്. 99,10,135 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതുവരെ 4.96 ലക്ഷം പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 53,60,816 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധിതർ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയിൽ 2,552,956 പേർക്കും ബ്രസീലിൽ 1,280,054 പേർക്കുമാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടൂതൽ മരണവും അമേരിക്കയിലാണ്.

Exit mobile version