‘ഇനി നെറ്റ്ഫ്‌ലിക്‌സ്, വായന, ഉറക്കം’: ഓക്‌സ്ഫഡ് ബിരുദം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് മലാല

കറാച്ചി: നൊബേല്‍ സമ്മാനജേതാവും പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിയ്ക്ക് ഓക്‌സ്ഫഡ് സര്‍വകലാശാല ബിരുദം. തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലാണ് മലാല ബിരുദം സ്വന്തമാക്കിയത്.

ഡിഗ്രി നേടിയതിന്റെ സന്തോഷം കേക്കു മുറിച്ച് വീട്ടുകാര്‍ക്കൊപ്പം പങ്കിടുന്നതിന്റെ സന്തോഷനിമിഷങ്ങള്‍ മലാല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ട്വിറ്ററിലാണ് കുടുംബത്തിനൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ ചിത്രം മലാല പങ്കുവെച്ചത്.

‘ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം ബിരുദം പൂര്‍ത്തിയാക്കി. അതിന്റെ സന്തോഷവും നന്ദിയും പ്രകടിപ്പിക്കാന്‍ പ്രയാസമാണ്. എന്താണ് വരാനിരിക്കുന്നതെന്ന് എനിക്ക് ഇപ്പോള്‍ അറിയില്ല. ഇപ്പോള്‍ ഇനി നെറ്റ്ഫ്‌ലിക്‌സ്, വായന, ഉറക്കം എന്നിവ ആയിരിക്കും ‘ – മലാല ട്വിറ്ററില്‍ കുറിച്ചു.

താലിബാന്‍ ഭീകരതയുടെ ഇരയാണ് മലാല യൂസഫ് സായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതോടെ ഭീകരരുടെ തോക്കിനിരയായി. സ്വാത് താഴ്‌വരയിലെ സ്‌കൂളില്‍ പോകുന്നതിനിടയിലാണ് തലയില്‍ താലിബാന്‍ ഭീകരരുടെ വെടിയേറ്റത്. മലാലയുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിലെ അഭയാര്‍ഥിയായി മാറുകയായിരുന്നു.

2014ല്‍ 17ാം വയസില്‍ നോബേല്‍ സമ്മാനം നേടി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല മാറി.

Exit mobile version