‘ഞാന്‍ മലാല യൂസഫ്‌സായിയല്ല, കശ്മീരില്‍ സുരക്ഷിതയാണ്’: വൈറലായി യാന മിറിന്റെ പ്രസംഗം

കാശ്മീര്‍: ജമ്മു കാശ്മീരിലെ സാമൂഹിക പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യാന മിറിന്റെ പ്രസംഗം വൈറലാകുന്നു. ഞാന്‍ ഒരു മലാല യൂസഫ്‌സായിയല്ല എന്നു തുടങ്ങുന്ന യാനയുടെ പ്രസംഗമാണ് ചര്‍ച്ചയാകുന്നത്. യുകെ പാര്‍ലമെന്റില്‍ അവാര്‍ഡ് സ്വീകരണത്തിനിടെയായിരുന്നു യാനയുടെ വൈറല്‍ പ്രസംഗം.

യു.കെയില്‍, ജമ്മു കശ്മീര്‍ പഠന കേന്ദ്രം സംഘടിപ്പിച്ചതായിരുന്നു പരിപാടി. ഞാന്‍ ഒരു മലാല യൂസഫ്‌സായിയല്ല, കാരണം, ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ താന്‍ സുരക്ഷിതയാണ്, മറ്റൊരു രാജ്യത്തേക്കും താന്‍ അഭയമന്വേഷിച്ച് ഓടിപ്പോവില്ലെന്നും യാന മിര്‍ പ്രസംഗത്തില്‍ പറഞ്ഞു. തനിക്ക് ഒരിക്കലും ഒരു മലാലയാകാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമാധാന നോബേല്‍ സമ്മാന ജേതാവായ മലാല പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് യുകെയില്‍ അഭയം തേടിയിരുന്നു. കാശ്മീര്‍ അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ് എന്ന് നോബേല്‍ ജേതാവ് മലാല പറഞ്ഞത് ഇന്ത്യയെ തരംതാഴ്ത്താനാണെന്നും യാന ആഞ്ഞടിച്ചു.

കശ്മീരിന്റെ അടിച്ചമര്‍ത്തലിന്റെ കഥകള്‍ മെനഞ്ഞെടുക്കുന്നത് സമൂഹമാധ്യമങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമാണ്, അവരാരും ഒരിക്കല്‍ പോലും കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകാറില്ല, അത് താന്‍ എതിര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്നത് നിര്‍ത്തുക. തങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യാന പ്രസംഗത്തില്‍ പറഞ്ഞു.

യുകെയിലും പാക്കിസ്ഥാനിലും താമസിക്കുന്ന കുറ്റവാളികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും മനുഷ്യാവകാശ വേദികളിലും എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, കശ്മീരിലെ ധാരാളം അമ്മമാര്‍ക്ക് തീവ്രവാദം മൂലം തങ്ങളുടെ മക്കളെ നഷ്ടമായിട്ടുണ്ട്, തങ്ങളുടെ പുറകെ വരുന്നത് നിര്‍ത്തണമെന്നും, കശ്മീരിലുള്ളവര്‍ സമാധാനമായി ജീവിക്കട്ടെയെന്നും അഭ്യര്‍ഥിച്ചാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കപ്പെട്ട പ്രസംഗം മില്ല്യണ്‍ കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. ബോളിവുഡ് താരം അനുപം ഖേര്‍ ഉള്‍പ്പെടെയുള്ള പ്രമുഖകരും യാനയെ അഭിനന്ദിച്ച് രംഗത്തെത്തി.

Exit mobile version