പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പാകിസ്താനിലെത്തി മലാല യൂസഫ്‌സായി

ഇസ്‌ലാമാബാദ്: വധശ്രമം നടന്ന് പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി പാകിസ്താന്‍ സന്ദര്‍ശിച്ച് മലാല യൂസഫ്‌സായി. പാകിസ്താനിലെ പ്രളയ ബാധിതരെ സന്ദര്‍ശിക്കാനാണ് മലാല എത്തിയത്. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കാനും സഹായം തേടാനുമാണ് സന്ദര്‍ശനമെന്ന് സന്നദ്ധ സംഘടനയായ മലാല ഫണ്ട് അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ പാകിസ്താനില്‍ 2800 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 80 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മലാലയുടെ ജന്മസ്ഥലമായ മിംഗോറയില്‍ മാത്രം 28 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2012ലാണ് മലാലക്ക് നേരെ പാക് താലിബാന്റെ വധശ്രമമുണ്ടായത്. 2007ല്‍ സ്വാത് താഴ്വര അധീനതയിലാക്കിയ താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ മലാല രംഗത്തുവന്നിരുന്നു. ഇതോടെയാണ് താലിബാന്‍ മലാലയെ ലക്ഷ്യമിട്ടത്.

തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടിലെ ചികിത്സക്ക് ശേഷം സുഖം പ്രാപിക്കുകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് പാക് സൈന്യം താലിബാനെ സ്വാത് താഴ്‌വരയില്‍ നിന്ന് തുരത്തിയതിന് ശേഷം അവിടെ മലാല പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാല ഫണ്ട് എന്ന സന്നദ്ധ സംഘടന ആരംഭിക്കുകയുമുണ്ടായി. 2014ല്‍ മലാലക്ക് സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Exit mobile version