‘കശ്മീര്‍ ഫയല്‍സ് ‘ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പ്രഭാഷണം വിലക്കി ഓക്‌സ്ഫഡ്

ലണ്ടന്‍ : ഇന്ത്യന്‍ സിനിമാ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പ്രഭാഷണ പരിപാടി വിലക്കി ഓക്‌സ്ഫഡ് സര്‍വകലാശാല. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആസ്പദമാക്കിയുള്ള ചിത്രം ‘ദ കശ്മീര്‍ ഫയല്‍സിന്റെ’ സംവിധായകനാണ് വിവേക്.

ട്വിറ്ററിലൂടെ വിവേക് തന്നെയാണ് പ്രഭാഷണം മാറ്റിയതായി അറിയിച്ചത്. ഹിന്ദുഫോബിക്കായ ഓക്‌സ്ഫഡില്‍ മറ്റൊരു ഹിന്ദുശബ്ദം കൂടി നിരോധിക്കപ്പെട്ടെന്ന കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നായിരുന്നു ഓക്‌സ്ഫഡ് യൂണിയന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ വിവേകിന്റെ പ്രഭാഷണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയ്ക്കായി ലണ്ടനിലേക്ക് തിരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പരിപാടി റദ്ദാക്കിയതായി അറിയിച്ച് സംഘാടകര്‍ മെയില്‍ അയയ്ക്കുകയായിരുന്നുവെന്ന് വിവേക് പറയുന്നു.

തന്നോട് ചോദിക്കുക പോലും ചെയ്യാതെ പരിപാടി ജൂലൈ ഒന്നിലേക്ക് മാറ്റിയെന്നും അന്ന് ഒരു വിദ്യാര്‍ഥി പോലും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയുടെ നടപടി തടയുന്നത് തന്നെയല്ലെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിനെ ആണെന്നും ഫാസിസ്റ്റ്, ഇസ്ലാമോഫോബിക് എന്നീ ലേബലുകളിലേക്ക് തങ്ങളെ ടാഗ് ചെയ്യുകയാണെന്നും വിവേക് വീഡിയോയില്‍ പറഞ്ഞു.

ഇത് കൂടാതെ കേംബ്രിഡ്ജില്‍ പരിപാടിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനാവില്ലെന്ന് അറിയിച്ചതായും ഇത് താന്‍ നരേന്ദ്രമോഡിയെ പിന്തുണയ്ക്കുന്നത് കൊണ്ടാണെന്നും വിവേക് ആരോപിച്ചു. നടപടിയിലൂടെ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയുകയാണെന്നും ഏതാനും പാകിസ്താനി, കശ്മീരി മുസ്ലിം വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. സര്‍വകലാശാലയുടെ നടപടിയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നാണ് വിവേക് അറിയിച്ചിരിക്കുന്നത്.

Exit mobile version