സമരത്തിന്റെ പ്രാധാന്യം പോലീസിനെ പറഞ്ഞ് മനസിലാക്കിയത് ഇംഗ്ലീഷിൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ; പരിഹസിച്ച് സംഘപരിവാറും കങ്കണയും

deep sidhu | big news live

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കർഷകർ നയിക്കുന്ന ‘ഡൽഹി ചലോ മാർച്ചി’ന് പിന്തുണയേറുന്നു. സമരത്തിന്റെ ഭാഗമായി മാറുകയും പോലീസുകാരോട് സമരത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കിക്കുകയും ചെയ്ത പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. എന്നാൽ, ഇംഗ്ലീഷിൽ പോലീസിനോട് സംസാരിക്കുന്ന സിദ്ധുവിന്റെ വിഡിയോയെ പരിഹസിക്കാനാണ് സംഘപരിവാറിന്റെ ശ്രമങ്ങൾ.

കർഷകരെ ദോഷകരമായി ബാധിക്കുന്ന കാർഷിക നിയമങ്ങളെക്കുറിച്ചാണ് സിദ്ധു തങ്ങളെ തടയാനെത്തിയ പോലീസുകാരോട് ഇംഗ്ലീഷിൽ സംസാരിച്ചത്.

സിദ്ധുവിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആദ്യം പരിഹാസ കമന്റുമായി എത്തിയത് സംവിധായകൻ വിവേക് അഗ്നിഹോത്രിയായിരുന്നു. ‘ഹഹഹ… ഭൂമിയില്ലാത്ത കർഷകൻ എല്ലാവരെയും ഉണർത്തുന്നതിനായി കരയുന്നു’ എന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. ഇംഗ്ലീഷ് സംസാരിക്കുന്ന കർഷകരെന്നും മറ്റൊരു ട്വീറ്റിൽ അഗ്നിഹോത്രി പരിഹസിക്കുന്നു.

ബുദ്ധിമാനാണെന്ന് നടിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ മണ്ടത്തരമാണെന്നും യഥാർഥത്തിൽ അദ്ദേഹം ഇടതുപക്ഷത്തിന്റെ പ്രതിനിധിയാണെന്നും വിവേക് ട്വീറ്റ് ചെയ്തു.

ഇതിനെല്ലാം പുറമെ സംഘപരിവാർ ആരാധികയായ ബോളിവുഡ് നടി കങ്കണ റണാവത്തും ദീപ് സിദ്ധുവിനെ വിമർശിച്ച് രംഗത്തെത്തി. രാജ്യ വിരുദ്ധ ശക്തികളെ സർക്കാർ വളരാൻ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും മറ്റൊരു ഷഹീൻബാഗ് ഉണ്ടാകരുതെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.

എന്നാൽ പരിഹാസങ്ങൾക്കിടയിലും സിദ്ധുവിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തുകയാണ്. രാജ്യത്ത് ഒരുപാട് കർഷകർ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ് സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും സോഷ്യൽമീഡിയ ഉപദേശിക്കുന്നു.

Exit mobile version