മാസ്‌ക് ധരിച്ചില്ല; യാത്രക്കാരനെ വിമാനത്തിൽ നിന്നും പുറത്താക്കി; വിലക്കും ഏർപ്പെടുത്തി അമേരിക്കൻ എയർലൈൻസ്

വാഷിങ്ടൺ: വിമാനയാത്രയ്ക്കിടെ മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് യാത്രക്കാരനെ പുറത്താക്കി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ലോകമെമ്പാടും ജനങ്ങൾ മാസ്‌കും സാനിറ്റൈസറും കൈ കഴുകലും നിർബന്ധമായി പിന്തുടരുന്നതിനിടെയാണ് യാത്രക്കാരന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായത്.

ഇതേതുടർന്ന് വിമാന കമ്പനിയുടെ പ്രോട്ടോക്കോൾ യാത്രക്കാരൻ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി ഉണ്ടായത്. ബ്രാൻഡൺ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. അമേരിക്കൻ എയർലൈൻസ് പിന്നീട് ഇയാളെ വിലക്കുകയും ചെയ്തു. ബ്രാൻഡൺ സ്ട്രാക്ക തന്നെയാണ് വിമാനക്കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനക്കമ്പനി ഇത് ശരിവെക്കുകയായിരുന്നു.

ബുധനാഴ്ചയാണ് സംഭവം. ന്യൂയോർക്കിൽ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തിൽ കയറിയ യുവാവ് മാസ്‌ക് ധരിക്കാൻ തയ്യാറായില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു. ഇതോടെ വിമാന ജീവനക്കാർ ഇദ്ദേഹത്തോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. മാത്രമല്ല, വിമാനത്തിലെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

സംഭവം ശരിവെച്ചുകൊണ്ട് പിന്നീട് വിമാന കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ യാത്രക്കാരൻ തയ്യാറായില്ലെന്നും ഇയാളെ വിലക്കുകയാണ് എന്നുമാണ് കമ്പനിയുടെ വിശദീകരണം.

Exit mobile version