ചൈനയിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം; പത്ത് പ്രദേശങ്ങൾ അടച്ചിട്ടു; ആശങ്ക

ബീജിങ്ങ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൈനയിൽ കൊവിഡ് 19 രോഗവ്യാപനത്തിന്റെ ആശങ്കകൾ. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ ഒരു ഭക്ഷ്യ വിപണന കേന്ദ്രവുമായി ബന്ധപ്പെട്ട് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബീജിങ്ങിലെ പത്തിലേറെ സ്ഥലങ്ങൾ അടച്ചിട്ടു. തുടർച്ചയായി 50 ദിവസങ്ങളിൽ ചൈനയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ശനിയാഴ്ച മാത്രം 36 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈന വീണ്ടും വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണ്.

വടക്കുപടിഞ്ഞാറൻ ഹെയ്ഡിയൻ ജില്ലയിലെ രണ്ടാമത്തെ വലിയ ഭക്ഷ്യ വിപണന കേന്ദ്രമായ സിൻഫാദി മാർക്കറ്റുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ കണ്ടെത്തിയതായും ഇതേ തുടർന്ന് വിപണനകേന്ദ്രത്തൊടൊപ്പം സമീപത്തെ സ്‌കൂളും ചുറ്റുമുള്ള പത്ത് പ്രദേശങ്ങളും അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സിൻഫാദി മാർക്കറ്റ് ഉറവിടമായി 76 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മാർക്കറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 10,000 ത്തോളം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Exit mobile version