നീതിക്ക് ഒപ്പം നിന്ന് പോലീസ്; യുഎസ് പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്തി മിയാമി പോലീസ്; വൈറലായി ചിത്രങ്ങൾ

മിയാമി: വർണവെറിക്ക് ഇരയായ ജോർജ് ഫ്‌ളോയ്ഡിന് നീതി തേടിയുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പോലീസും. അമേരിക്കയിലെ മിയാമിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംസ്ഥാനത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്നാണ് വർണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വൈറലാവുകയാണ്. അനീതിക്കെതിരെ പ്രക്ഷോഭകർക്കൊപ്പം നിലനിൽക്കുന്നതിന്റെ പ്രതീകമായാണ് ചിത്രം പ്രചരിക്കപ്പടുന്നത്.

അതേസമയം, പ്രതിഷേധക്കാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ട്രംപ് ഗവർണർമാരോട് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധത്തിനും അക്രമത്തിനും പിന്നിൽ തീവ്ര ഇടതുശക്തികളാണെന്ന അഭിപ്രായം ഒരിക്കൽകൂടി ആവർത്തിക്കുകയും ചെയ്തു. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമർത്തുകയെന്നത് ഗവർണർമാരുടെ ഉത്തരവാദിത്തമാണെന്നും തന്റേതല്ലെന്ന് ട്രംപ് വ്യക്തമാക്കി.

എന്നാൽ, യുഎസിൽ അരങ്ങേറുന്ന പ്രക്ഷോഭങ്ങൾക്ക് ഹോളിവുഡ് ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബിയോൺസ്, റിഹാന, ലേഡി ഗാഗ, ഡ്വയൻ ജോൺസൺ, സലീന ഗോമസ്, കിം കർദാഷിയാൻ, കെൻട്രിക് സാംപ്‌സൺ, ക്രിസി ടൈഗെൻ, ബെൻ പ്ലറ്റ എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിൽ പിന്തുണയറിയിച്ചതിനൊപ്പം പ്രതിഷേധക്കാർക്ക് സഹായമെത്തിച്ചുമാണ് താരങ്ങൾ സമരത്തിൽ പങ്കാളികളായത്.

Exit mobile version