നിയന്ത്രണങ്ങള്‍ ഒഴിവാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍; രോഗം വീണ്ടും രൂക്ഷമായി പടര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 15 ഓടെ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കാന്‍ ജര്‍മ്മനി തീരുമാനിച്ചിരിക്കുകയാണ്.

സ്‌പെയിനിലെ ടൂറിസം മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ജുലൈ മുതല്‍ പുനഃരാരംഭിക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞത്. ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുമെന്നാണ് ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ രാജ്യങ്ങള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാല്‍ രോഗം വീണ്ടും രൂക്ഷമായി പടര്‍ന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകം ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ്. പല രാജ്യങ്ങളിലും കേസുകള്‍ കുറയുകയാണെങ്കിലും മധ്യ- തെക്കേ അമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇത് വര്‍ധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര കാര്യവിഭാഗം മേധാവി ഡോ മൈക്ക് റയാന്‍ ചൂണ്ടിക്കാട്ടിയത്.

‘എപ്പോള്‍ വേണമെങ്കിലും രോഗം കൂടുമെന്ന വസ്തുതയെക്കുറിച്ച് നാം എപ്പോഴും ബോധവാന്മാരാകേണ്ടതുണ്ട്. ഇപ്പോള്‍ കേസുകള്‍ കുറയുന്നത് കൊണ്ട് ഇനിയും കുറഞ്ഞു വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. രണ്ടാമത്തെ ഘട്ടത്തിന് തയ്യാറാകാന്‍ കൂടുതല്‍ സമയം ലഭിച്ചേക്കുമെന്നും കരുതാനാവില്ല. ഈ ഘട്ടത്തില്‍ തന്നെ വീണ്ടും കേസുകള്‍ കൂടിയേക്കാം’ എന്നാണ് ഡോ മൈക്ക് റയാന്‍ പറഞ്ഞത്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും രാജ്യങ്ങള്‍ നിരീക്ഷണവും മറ്റു നടപടികളും തുടരണമെന്നും നിയന്ത്രണങ്ങള്‍ മുഴുവനായി നീക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയും ഉണ്ടെന്നും മാസങ്ങള്‍ക്ക് ശേഷം പല രാജ്യങ്ങളിലും കൊവിഡ് തിരിച്ചു വന്നേക്കാമെന്നും ഡോ മൈക്ക് റയാന്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version