കൊവിഡിനെ ഫലപ്രദമായി നേരിട്ട് ക്യൂബ; സ്വന്തമായി വികസിപ്പിച്ചെടുത്ത മരുന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും രക്ഷിച്ചെന്ന് പ്രസിഡന്റ്; മാതൃക

ഹവാന: കൊവിഡ് 19 രോഗത്തെ പിടിച്ചുകെട്ടി വീണ്ടും ലോകത്തിന് വീണ്ടും മറ്റൊരു ക്യൂബൻ മാതൃക. ക്യൂബ സ്വന്തമായി വികസിപ്പിച്ചെടുത്ത രണ്ട് മരുന്നുകളുടെ ഉപയോഗം മൂലം ഒരാഴ്ച്ചയായി രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 200 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് നിലനിൽക്കുന്നത്. എന്നിട്ടും കഴിഞ്ഞ ആഴ്ചയിൽ ഒരു മരണം പോലും ക്യൂബയിൽ ഉണ്ടായില്ല. ഏപ്രിൽ മധ്യത്തിൽ ദിവസവും 5060 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥാനത്ത് നിന്നും 20 ൽ താഴേക്ക് ചുരുക്കാനും ക്യൂബയ്ക്ക് കഴിഞ്ഞു.

ഇതോടൊപ്പം, കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 80 ശതമാനംപേരും സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനൽ അറിയിച്ചു. കൃത്യമായ നിരീക്ഷണവും കാര്യക്ഷമമായ ആരോഗ്യ സംവിധാനവുമാണ് കൊവിഡിനെതിരായ പോരാട്ടത്തിൽ ക്യൂബയെ തുണച്ചതെന്നും പ്രസിഡന്റ് മിഗ്വേൽ ഡിയസ് കാനൽ കൂട്ടിച്ചേർത്തു.

ഒമ്പത് ദിവസത്തെ കണക്കെടുത്താൽ രണ്ടു പേർ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രിൽ മുതൽ ഉപയോഗിച്ചു വരുന്ന രണ്ട് മരുന്നാണ് കൊവിഡിനെ പ്രതിരോധിക്കാനും നിയന്ത്രണത്തിലാക്കാനും സഹായിച്ചതെന്നാണ് ക്യൂബൻ ആരോഗ്യപ്രവർത്തകർ പറയുന്നത്.

ഇറ്റോലി സുമാബ് എന്ന മരുന്നും, വാതരോഗത്തിന് ഉപയോഗിക്കാൻ പരീക്ഷണത്തിലിരിക്കുന്ന മരുന്നുമാണ് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ക്യൂബയെ സഹായിച്ചത്. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം മരുന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആരോഗ്യപ്രവർത്തകർ സൂചിപ്പിച്ചു.

Exit mobile version