മകള്‍ കണ്ണുവേദനയാണെന്ന് പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ല, വേദന സഹിക്കാനാവാതെ കരഞ്ഞുനിലവിളിച്ചപ്പോള്‍ പരിശോധിച്ചു, കിട്ടിയത് വണ്ടിനെ

മിസൗറി: കണ്ണുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ആറുവയസ്സുകാരിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തത് സാമാന്യം വലിപ്പമുള്ള വണ്ടിനെ. യുഎസിലെ മിസൗറിയിലാണ് സംഭവം. ക്രിസ് മോങ്ക് എന്ന നാല്പതുകാരി ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രങ്ങളിലൂടെയും കുറിപ്പിലൂടെയുമാണ് സംഭവം പുറംലോകമറിയുന്നത്.

ക്രിസ് മോങ്കിന്റെയും ജോസഫിന്റെയും ആറുവയസ്സുകാരി മകള്‍ സിബി കെയ്വയുടെ കണ്ണില്‍ നിന്നാണ് വണ്ടിനെ പുറത്തെടുത്തത്. കഴിഞ്ഞ 28ന് വൈകീട്ട് ആറുവയസുകാരിയായ മകള്‍ സിബി കെയ്വ കണ്ണ് വേദനയെന്ന് പറഞ്ഞ് ക്രിസിനരികിലേക്ക് വന്നു. എന്നാല്‍ ക്രിസ് അത്രകാര്യമായി എടുത്തില്ല.

സിബി വീണ്ടും കണ്ണുവേദനിക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞതോടെ ക്രിസ് നോക്കിയപ്പോള്‍ കണ്ണ് കലങ്ങിയിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും കണ്ടില്ല. എന്തെങ്കിലും സാധാരണഗതിയിലുണ്ടാകുന്ന അണുബാധയാകാമെന്നും ഭേദമാകുന്നില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും ക്രിസ് വിചാരിച്ചു.

അസാധാരണമായ എന്തെങ്കിലും സംഭവിച്ചതായി സിബിയും അമ്മയോട് പറഞ്ഞില്ല. എന്നാല്‍ രാത്രിയായപ്പോഴേക്കും വേദന കൂടി. രാവിലെ ഉണര്‍ന്നപ്പോഴേക്കും സിബിയുടെ കണ്ണില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വരികയും കണ്ണില്‍ പഴുപ്പ് കയറുകയും ചെയ്തിരുന്നു.

വേദന സഹിക്കാനാവാതെ കുട്ടി നിര്‍ത്താതെ കരഞ്ഞു. ഉടന്‍തന്നെ മാതാപിതാക്കള്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. അതിനിടെ കണ്ണ് പരിശോധിച്ചപ്പോള്‍ കണ്ണിന്റെ ഒരു കോണിലായി എന്തോ കറുത്ത നിറത്തില്‍ കിടക്കുന്നത് ക്രിസ് കണ്ടു. അപ്പോഴേക്ക് ഒരു ടിഷ്യൂ പേപ്പറുമെടുത്ത് നഴ്‌സും ഓടിയെത്തി.

ആ ടിഷ്യൂ ഉപയോഗിച്ച് പതുക്കെ കണ്‍കോണില്‍ കണ്ട കറുത്ത സാധനത്തെ ക്രിസ് തന്നെ പുറത്തെടുത്തു. സാമാന്യം വലിപ്പമുള്ള ഒരു വണ്ടായിരുന്നു അത്. കാഴ്ച കണ്ട് ഭര്‍ത്താവും നഴ്‌സും ഡോക്ടറുമെല്ലാം ഭയന്നുവെന്ന് ക്രിസ് കുറിപ്പില്‍ പറയുന്നു.

Exit mobile version