കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനേയും ഇറ്റലിയേയും പിന്തള്ളി റഷ്യ, രോഗം സ്ഥിരീകരിച്ചത് 220000ത്തിലധികം പേര്‍ക്ക്

മോസ്‌കോ: റഷ്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനേയും ഇറ്റലിയേയും പിന്തള്ളിയിരിക്കുകയാണ് റഷ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11,656 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,20000 കവിഞ്ഞു. 2,21,344 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടായിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 വൈറസ് ബാധിതരുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. നിലവില്‍ സ്‌പെയിനും അമേരിക്കയുമാണ് റഷ്യക്ക് മുന്നിലുള്ളത്. സ്‌പെയിനില്‍ 268,143 കേസുകളും അമേരിക്കയില്‍ 1,376,650 കേസുകളുമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. തലസ്ഥാനമായ മോസ്‌കോയാണ് റഷ്യയിലെ കോവിഡിന്റെ ആസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,169 പേര്‍ക്കാണ് പുതുതായി ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മോസ്‌കോയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 1,15,909 ആയി.

അതേസമയം ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42,53802 ആയി. 2,87250 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ മാത്രം 81724 പേരാണ് കൊവിഡ് വൈറസ് ബാധമൂലം മരിച്ചത്. ബ്രിട്ടനില്‍ 32,065 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version