ലോകത്തിന് പ്രതീക്ഷ നൽകി ചൈനയിൽ നിന്നും കൊവിഡ് വാക്‌സിൻ; കുരങ്ങുകളിലെ പരീക്ഷണം വിജയം; മനുഷ്യരിൽ പരീക്ഷിക്കുന്നു

ബീജിങ്: കൊവിഡിനെതിരെ ചൈനീസ് ഗവേഷകർ കണ്ടെത്തിയ വാക്‌സിൻ കുരങ്ങുകളിൽ പരീക്ഷിച്ചു വിജയിച്ചെന്ന് റിപ്പോർട്ടുകൾ. പുതുതായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനുകളിലൊന്നാണ് ഫലംകണ്ടിരിക്കുന്നത്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം വിജയിച്ചത്.

പാർശ്വഫലങ്ങളൊന്നുമുണ്ടാക്കാതെ വാക്‌സിൻ കുരങ്ങുകളിൽ ഫലപ്രദമായെന്നാണ് ലാബ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് ഇതേ വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഏപ്രിൽ 16ന് ആരംഭിക്കുകയും ചെയ്തു. ബീജിങ് ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക്ക് കമ്പനിയാണ് പരീക്ഷണത്തിനു പിന്നിൽ. എട്ട് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. നാല് കുരങ്ങുകളിൽ കുറഞ്ഞ അളവിലും നാല് കുരങ്ങുകളിൽ കൂടിയ അളവിലും വാക്‌സിൻ ഡോസ് നൽകി. വാക്‌സിൻ നൽകി മൂന്നാഴ്ച്ചയ്ക്ക് ശേഷം ഗവേഷകർ കൊവിഡിന് കാരണമായ സാർസ് കോവ് 2 വൈറസ് കുരങ്ങുകളുടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. എന്നാൽ ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ അണുബാധ കാണിച്ചില്ല.

ഏറ്റവും കൂടിയ അളവിൽ വാക്‌സിൻ ഡോസ് നൽകിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടത്. വൈറസ് കടത്തി വിട്ട് ഏഴു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ കുരങ്ങുകളുടെ ശ്വാസകോശത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. കുറഞ്ഞ അളവിൽ വാക്‌സിൻ ഡോസ് നൽകിയ മൃഗങ്ങളിൽ നേരിയ തോതിലുള്ള വൈറസ് ലക്ഷണങ്ങൾ കാണിച്ചെങ്കിലും അണുബാധയെ നിയന്ത്രിക്കാൻ അവയ്ക്കായി. ഏപ്രിൽ 19ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിൻ നൽകാത്ത നിയന്ത്രിത ഗ്രൂപ്പിലെ നാല് റിസസ് കുരങ്ങുകൾ കടുത്ത ന്യൂമോണിയ ലക്ഷണങ്ങളും ഉയർന്ന അളവിലുള്ള വൈറൽ ആർഎൻഎകളുടെ സാന്നിധ്യവും ശരീരത്തിൽ കാണിച്ചു.

ഫലം വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ഇത് മനുഷ്യരിലും ഫലപ്രദമാകുമെന്നും സിനോവാക് സീനിയർ ഡയറക്ടർ മെങ് വെയ്‌നിങ് പറഞ്ഞു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ വാക്‌സിൻ നിർമ്മാതാക്കൾക്കും ഇത്തരമൊരു വാക്‌സിൻ ഉണ്ടാക്കാൻ കഴിയുമെന്ന മെച്ചം കൂടി ഈ വാക്‌സിനുണ്ട്. എന്നാൽ പരീക്ഷണത്തിനുപയോഗിച്ച കുരങ്ങുകളുടെ എണ്ണം കുറവായത് കൃത്യമായ ഫലത്തിലെത്തിക്കില്ല എന്ന അഭിപ്രായവും ചില ശാസ്ത്രജ്ഞർക്കുണ്ട്.

എങ്കിലും, കുരങ്ങുകളിൽ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് ഷാങ്ഹായിലെ ജിയാങ്ഷു പ്രവിശ്യയിൽ ക്ലിനിക്കൽ പരീക്ഷണം സിനോവാക്ക് ആരംഭിച്ചിട്ടുണ്ട്. 144 മനുഷ്യരിലാണ് ആദ്യ ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. ആയിരത്തിൽ അധികം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാംഘട്ട ക്ലിനിക്കൽ ട്രയൽ മെയ് പകുതിയോടെ ആരംഭിക്കും. ഇതും വിജയിക്കുകയാണെങ്കിൽ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് നടക്കും. ചൈനയ്ക്ക് പുറത്തും പരീക്ഷണം നടത്താൻ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്.

Exit mobile version