കൊറോണയ്ക്ക് എതിരെ ഫലപ്രദമെന്ന് കരുതിയ മരുന്ന് ക്ലിനിക്കൽ ട്രയലിൽ പരാജയം; കാണിച്ചത് പാർശ്വഫലങ്ങളും ചികിത്സാപുരോഗതി ഇല്ലായ്മയും

വാഷിങ്ടൺ: കൊറോണ വൈറസിനെതിരെ കണ്ടെത്തിയ മരുന്നുകളിൽ ഏറ്റവും ഫല പ്രദമാകുമെന്ന് കരുതിയിരുന്ന റെംഡിസിവിർ മരുന്ന് ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ തന്നെ പരാജയം. റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് ആണ് പ്രസിദ്ധീകരിച്ചത്.

ചൈന 237 രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഇതിൽ 158 പേർക്കാണ് മരുന്ന് നൽകി നിരീക്ഷിച്ചത്. 79 പേരെ മരുന്ന് നൽകാതെ നിയന്ത്രിത ഗ്രൂപ്പായി നിലനിർത്തി. പാർശ്വഫലങ്ങൾ കാരണം 18 പേരിൽ റെംഡിസിവിർ നേരത്തെ നിർത്തി. നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോൾ മരുന്ന് കഴിച്ചവരുടെ രോഗത്തിൽ പുരോഗതി കാണാനായില്ലെന്ന് ഗവേഷകർ പറയുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ നിയന്ത്രിത ഗ്രൂപ്പിലുള്ള 12.8 % പേർ മരണമടഞ്ഞപ്പോൾ റെംഡിസിവിർ മരുന്നിലൂടെ ചികിത്സ നൽകിയവരിൽ 13.9% പേരാണ് മരണപ്പെട്ടത്.

എന്നാൽ റെംഡിസിവർ മരുന്നിന്റെ പിന്നിലുള്ള കമ്പനിയായ ഗിലിയാഡ് ഈ പഠനത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ‘പഠനഫലങ്ങൾ അനിശ്ചിതത്വത്തിലാണ്. രോഗത്തിന്റെ തുടക്കത്തിൽ ചികിത്സിച്ച രോഗികളിൽ റെംഡിസിവിർ ഫലപ്രദമായെന്ന് കണക്കുകൾ കാണിക്കുന്നുണ്ട്.ഈ പഠനം അന്തിമ വാക്കല്ല.’ വിപുലമായ ഘട്ടങ്ങളിൽ നിരവധി വലിയ തോതിലുള്ള പരീക്ഷണങ്ങൾ ഉണ്ടാകുമെന്നും അത് ഉടൻ തന്നെ വ്യക്തമായ ചിത്രം നൽകുമെന്നും ഗിലിയാഡ് കമ്പനി വക്താവ് പറയുന്നു.

നോവൽ കൊറോണ വൈറസിനെതിരേയുള്ള ചികിത്സയിൽ നിർദേശിച്ച ആദ്യ മരുന്നുകളിലൊന്നായിരുന്നു റെംഡിസിവിർ.

Exit mobile version