മനുഷ്യരാശിയെ രക്ഷിക്കാൻ ഒട്ടകങ്ങളോ? കൊവിഡിന് ഒട്ടക വർഗ്ഗങ്ങളുടെ രക്തത്തിലെ ആന്റിബോഡി ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ

ലണ്ടൻ: ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ ഏറെക്കുറെ ഫലപ്രദമായ മാർഗ്ഗം കണ്ടുപിടിച്ചെന്ന് ബൽജിയത്തിലെ ഗവേഷകർ. ഒട്ടക വർഗത്തിൽപ്പെടുന്ന ലാമകളുടെ രക്തത്തിൽ കാണപ്പെടുന്ന ആന്റിബോഡിക്ക് കൊറോണ വൈറസിനെ നിർവീര്യമാക്കാൻ സാധിക്കുമെന്നാണ് ഈ ഗവേഷകരുടെ കണ്ടെത്തൽ. ബൽജിയത്തിലെ വ്‌ളാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് ഈ സാധ്യത ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

ഒട്ടകത്തിന്റെ വർഗത്തിൽ ഉൾപ്പെടുന്നവയുടെ രക്തത്തിൽ കാണപ്പെടുന്ന ചില തന്മാത്രകൾ നിലവിലെ കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരായ ഔഷധമായി ഉപയോഗിക്കാൻ സാധിച്ചേക്കുമെന്നാണ് ഗവേഷകർ പറയുന്നത്. മുമ്പ് എച്ച്‌ഐവി ഗവേഷണങ്ങൾക്കായാണ് ഈ ആന്റിബോഡികൾ ആദ്യമായി പരീക്ഷിച്ചിരുന്നത്. പിന്നീട് സാർസ്, മെർസ് എന്നീ രോഗങ്ങൾ വന്നപ്പോഴും അവയ്‌ക്കെതിരെ ഈ ആന്റിബോഡികൾ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നവയാണ്. സാർസ് ( സെവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം), മെർസ് ( മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രേം) എന്നിവയുണ്ടാക്കിയ കൊറോണ വൈറസുകളുടെ കൂട്ടത്തിലാണ് നിലവിലെ കോവിഡ് 19 ബാധയ്ക്ക് കാരണമായ സാർസ് കോവ്2.

ഒട്ടകങ്ങളുടെ രക്തത്തിലെ ആന്റിബോഡികളുടെ സവിശേഷതകൾ ആദ്യമായി തിരിച്ചറിഞ്ഞത് 1989ൽ ബ്രസൽസ് യൂണിവേഴ്‌സിറ്റിയായിരുന്നു. ഇവയുടെ വളരെ ചെറിയ അളവിനുപോലും വൈറസുകൾ ഉൾപ്പെടെയുള്ളവയ്‌ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്നാണ് അന്ന് കണ്ടെത്തിയത്.

Exit mobile version