പ്രോട്ടീൻ കുത്തിവെച്ച് കൊറോണ വൈറസിനെ ആശയക്കുഴപ്പത്തിൽ ആക്കാൻ ഗവേഷകരുടെ ശ്രമം; ശരീരത്തിൽ കൊറോണ കടക്കുന്നത് പോലും തടയാനായേക്കും

ന്യൂയോർക്ക്: ലോകത്തിന് പ്രതീക്ഷ നൽകി കൊവിഡിനെതിരെ പുതിയ ഫലപ്രദമായ ചികിത്സയുടെ അവസാനഘട്ടത്തിലെത്തി ഗവേഷകർ. കൊറോണ വൈറസിനുള്ളിലെ പ്രോട്ടീൻ ഘടകത്തിന് സമാനമായ പ്രോട്ടീൻ കുത്തിവെച്ചാൽ രോഗത്തെ തടയാനാകുമെന്ന് ഒരു കൂട്ടം ഗവേഷകർ നിഗമനത്തിലെത്തിയിരിക്കുകയാണ്. മനുഷ്യകോശങ്ങളിലുള്ള എസിഇ2 റിസപ്റ്റർ മുഖേനെയാണ് കൊറോണ വൈറസ് നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഈ റിസപ്റ്ററുമായി വൈറസ് ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് വൈറസ് പ്രോട്ടീന് സമാനമായ പ്രോട്ടീൻ കുത്തിവെച്ചാൽ അവ ഈ റിസപ്റ്ററിൽ എത്തുമെന്നും അതുവഴി വൈറസിന് ശരീരത്തിൽ അധികം വ്യാപിക്കാൻ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഇവരുടെ വാദം.

ലെയ്സ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഇതിനായുള്ള കൃത്രിമ പ്രോട്ടീൻ വികസിപ്പാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, തന്നെ സമാനമായ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ മറ്റൊരു ചികിത്സാരീതിയെ കുറിച്ചും മറ്റുചില ഗവേഷകർ പ്രതീക്ഷ പുലർത്തുന്നുണ്ട്. വൈറസിനെ ശരീരത്തിനുള്ളിലേക്ക് കടക്കാനുള്ള മാർഗമൊരുക്കുന്ന എസിഇ റിസപ്റ്ററിനെ കോശങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇവർ. എന്നാൽ ഇതിന് ദൂഷ്യഫലങ്ങൾ ഉണ്ടായേക്കുമെന്ന ഭയം നിലനിൽക്കുന്നുണ്ട്.

പക്ഷെ, വൈറസിന് സമാനമായ പ്രോട്ടീൻ നിർമിക്കാനായാൽ അതുവഴി കൊറോണ വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാനുള്ള വഴി അടയ്ക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ രീതിക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. ഗവേഷകരുടെ ഈ ശ്രമം വിജയകരമായാൽ ആഗോളതലത്തിൽ രോഗത്തെ പിടിച്ചുകെട്ടാൻ സഹായകമാകുമെന്നും ലെയ്സ്റ്റർ യൂണിവേഴ്‌സിറ്റി പ്രൊഫസർ നിക്ക് ബ്രിൻഡിൽ പറയുന്നു. കോശങ്ങളുടെ ഭിത്തിയിലാണ് എസിഇ2 റിസപ്റ്റർ കാണപ്പെടുന്നത്. ഇതിലൂടെയാണ് വൈറസ് ശ്വാസകോശത്തിലേക്ക് കടക്കുന്നതും രോഗമുണ്ടാക്കുന്നതും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഈ റിസപ്റ്ററിന് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിൽ സുപ്രധാന സ്ഥാനമാണുള്ളത്. എന്നാൽ ശ്വാസകോശത്തിൽ ഇതിന് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഒട്ടേറെ ഗവേഷകർ കൊവിഡ്‌ന് എതിരെ വാക്‌സിൻ ഉൾപ്പടെയുള്ളവ കണ്ടെത്താനായി ഗവേഷണം തുടരുകയാണ്. ആഴ്ചകൾക്കുള്ളിൽ ശുഭപ്രതീക്ഷ നൽകുന്ന വാർത്ത നൽകാനാവുമെന്നാണ് ഇവർ കരുതുന്നത്.

Exit mobile version