അസുഖം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് ചികിത്സ; അമേരിക്കയിൽ ആയിരക്കണക്കിന് ആളുകൾ രക്തദാനത്തിനായി മുന്നോട്ട്

വാഷിങ്ടൺ: കൊറോണ വൈറസിനെതിരെ പോരാടാൻ ഇതുവരെ ഫലപ്രദമായ വാക്‌സിൻ കണ്ടെത്തിയിട്ടില്ലെങ്കിലും ഏറ്റവും ഫലം തന്നേക്കാവുന്ന ചികിത്സയെന്ന് വിശേഷിപ്പിക്കുന്ന പ്ലാസ്മ തെറാപ്പിക്ക് വിശ്വാസ്യത വർധിക്കുന്നു. പ്ലാസ്മ ചികിത്സ വികസിപ്പിച്ചെടുക്കാനായി അമേരിക്കയിൽ നടക്കുന്ന പരീക്ഷണങ്ങൾക്ക് വലിയ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. രോഗം ഭേദമായവരുടെ രക്തത്തിൽ കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടാകും. അതുകൊണ്ടുതന്നെ രോഗമുക്തരായവരിൽനിന്ന് പ്ലാസ്മ ശേഖരിച്ച് കൊവിഡ് രോഗികളിൽ ചികിത്സ നടത്തും.

ഇത്തരത്തിൽ ചികിത്സയ്ക്കായി സ്വന്തം രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറെടുത്ത് അമേരിക്കയിലെ ആയിരക്കണക്കിന് വൈറസ് മുക്തരായ രോഗികൾ രംഗത്തെത്തിയിരിക്കുകയാണ്. യുഎസിലെ മുൻനിര സർവകലാശാലകളിൽ നടക്കുന്ന പരീക്ഷണങ്ങൾക്കാണ് കൊവിഡ് പൂർണമായും ഭേദമായ രോഗികൾ പ്ലാസ്മ നൽകുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ മാത്രം 2000ത്തിലേറെ രോഗമുക്തർ പ്ലാസ്മ നൽകാൻ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.

രോഗം ഭേദമായ ഒരാളിൽനിന്ന് ഒരുതവണ എടുക്കുന്ന പ്ലാസ്മ രണ്ട് മുതൽ മൂന്ന് രോഗികൾക്ക് വരെ ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അമേരിക്കയിൽ 45,000ത്തോളം രോഗികൾ വൈറസ് മുക്തരായതായിട്ടുണ്ടെന്നും ഇവരെല്ലാം പ്ലാസ്മ നൽകാൻ മുന്നോട്ടു വരണമെന്നും വൈറ്റ് ഹൗസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Exit mobile version