ഹൈ സ്പീഡില്‍ പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നില്‍ കെട്ടിയിടപ്പെട്ട നിലയില്‍ യുവതി..! ക്രൂരമെന്ന് ജനങ്ങള്‍, കൈയ്യടിച്ച് കോടതി

പാരീസ്: വിവാദത്തില്‍ മുങ്ങി ഈ പരസ്യം… ഹൈ സ്പീഡില്‍ പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നില്‍ കെട്ടിയിടപ്പെട്ട നിലയില്‍ സഹായത്തിനുവേണ്ടി കരഞ്ഞുവിളിക്കുന്ന യുവതി. ഫ്രാന്‍സില്‍ അടുത്തിടെ പുറത്തിറക്കിയ വിഡിയോയിലെ ദൃശ്യമാണ് വൈറലായതോടൊപ്പം വിവാദത്തിലേക്ക് കുതിച്ചത്.

ഈ പരസ്യം സ്ത്രീകള്‍ക്കെതിരായ ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്ന താണെന്ന് ആരോപണം കൂടാതെ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നു.എന്നാല്‍ പ്രാദേശിക കോടതി വിഡിയോയ്ക്ക് അനുമതി നല്‍കി. വിഡിയോ സ്ത്രീകള്‍ക്കെതിരാണെന്ന വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് കോടതി.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഫ്രാന്‍സിന്റെ തെക്കന്‍പ്രവിശ്യയിലെ ബെസിയേഴ്‌സ് പട്ടണമാണു പരസ്യം ഡിസൈന്‍ ചെയ്തത്. സംശയകരവും പ്രകോപനപരവുമാണ് ഉള്ളടക്കമെങ്കിലും വിഡിയോ നിരോധിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതിനിലപാട്. ഹൈ സ്പീഡ് ട്രെയിന്‍ വന്നാല്‍ ഇതിലും കുറച്ചു കുഴപ്പങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് സഹായത്തിനുവേണ്ടി നിലവിളിക്കുന്ന യുവതിയുടെ ദൃശ്യത്തിനൊപ്പം കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. ഈ അടിക്കുറിപ്പും ദൃശ്യവും വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ഫ്രഞ്ച് ഇക്വാളിറ്റി (സമത്വം) വകുപ്പിലെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

എന്നാല്‍ കുറച്ച് മുമ്പ് 34 വയസ്സുകാരിയായ എമിലി എന്ന യുവതിയെ ഭര്‍ത്താവ് ട്രാക്കിനോടു ചേര്‍ത്തു കെട്ടിയിട്ടു. സമാനരീതിയില്‍ യുവതി മരണപ്പെട്ടതാണ് വീഡിയോയ്‌ക്കെതിരെ പ്രതിഷേധം കനക്കാന്‍ കാരണമായത്.അന്ന് ട്രെയിന്‍ യുവതിയുടെ ശരീരത്തിനുമുകളിലൂടെ കടന്നുപോകുകയും ചെയ്തു. നിഷ്ഠൂര കൊലപാതകം കഴിഞ്ഞ് നാലുമാസമായപ്പോഴാണ് ആ സംഭവത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന പരസ്യമെത്തിയത്.

എന്തൊക്കെയായാലും കണ്‍മുന്നില്‍ ഒരു ക്രൂരകൃത്യം അരങ്ങേറിയിട്ടും കോടതി പരസ്യത്തെ ന്യായീകരിക്കുന്നത് ശരിയല്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. വികാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വില കല്‍പിക്കാത്ത പരസ്യമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. സമൂഹ മാധ്യമങ്ങളില്‍ നൂറുകണക്കിനുപേര്‍ പരസ്യത്തെ എതിര്‍ത്തും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

Exit mobile version