സകല സന്നാഹങ്ങളേയും തകർത്ത് കൊറോണ; ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടർമാർ; ഞെട്ടൽ

ഇംഗ്ലണ്ട്: ഇത്രയേറെ അപ്രതീക്ഷിതമായി ഒരു ആരോഗ്യ അടിയന്തരാവസ്ഥ വരുമെന്ന് ലോകരാഷ്ട്രങ്ങളൊന്നും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ വേണ്ടത്ര സന്നാഹത്തോടെ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് ലോകം. ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് യുകെയിൽ ഉൾപ്പടെ കൊറോണ വ്യാപിക്കുന്നത്. കൊറോണ വ്യാപിച്ചാൽ മെഡിക്കൽ ഉപകരണങ്ങളുടെയും കിറ്റുകളുടെയും കാര്യത്തിൽ ദൗർലഭ്യം നേരിടുമെന്നുമുള്ള പ്രവചനങ്ങൾ ബ്രിട്ടനിൽ സത്യമായി തീർന്നിരിക്കുകയാണ്.

രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വളർച്ചയുണ്ടായപ്പോൾ കിടക്കാനുള്ള ബെഡ്ഡുകളുടെ കാര്യത്തിൽ വരെ ലഭ്യതക്കുറവുണ്ടായി. സുരക്ഷാ കിറ്റുകളില്ലാത്തതിനാൽ ഒഴിവാക്കിയ പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് ഡോക്ടർമാരും നഴ്‌സുമാരും രോഗികളെ പരിചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് യുകെയിലെ ഡോക്ടർമാർ. ബിബിസിയാണ് കൊറോണക്കാലത്തെ ആരോഗ്യ പ്രതിസന്ധി പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

കൊറോണ രോഗികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞതോടെ കാൻസർ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവർത്തനം പോലും നിർത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകൾ പോലും കുറവാണെന്നും ബ്രിട്ടണിലെ ഡോക്ടർ വെളിപ്പെടുത്തുന്നു.

രോഗികളുടെ എണ്ണം കൂടിയതോടെ 13 മണിക്കൂർ വരെയാണ് ആരോഗ്യപ്രവർത്തകർ ആശുപത്രികളിൽ തുടർച്ചയായി ജോലി ചെയ്യുന്നത്. അതും പിപി കിറ്റുകൾ ലഭിക്കാത്തതിനാൽ പ്ലാസ്റ്റിക് കവറു കൊണ്ട് മുഖവും ശരീരവും മറച്ചും സ്‌കൈ ഗോഗിൾസ് ഉപയോഗിച്ച് കണ്ണുകൾ മറച്ചുമാണ് ഐസിയുകളിൽ ഡോക്ടർമാരും നഴ്‌സുമാരും രോഗികളെ പരിചരിക്കുന്നതെന്നും ഡോക്ടർ പറയുന്നു.

ആശുപത്രികൾ നിറഞ്ഞ് കവിയുകയും, ഐസിയുകൾ കോവിഡ് രോഗികൾക്കായി മാത്രം മാറ്റവെയ്‌ക്കേണ്ട അവസ്ഥയിലാവുകയും ചെയ്തു. കൊറോണയല്ലാത്ത മറ്റ് അടിയന്തിര പരിചരണങ്ങളെല്ലം നിർത്തി വെച്ചു. കാൻസർ ക്ലിനിക്കിന്റെ പ്രവർത്തനം പോലും നിർത്തിവെച്ചു. ആന്റിബയോട്ടികളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യതക്കുറവുണ്ടെന്നും പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഡോക്ടർ ബിബിസിയോട് പറഞ്ഞു. ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പൗരന്മാരെ സേവിക്കുന്ന കാര്യത്തിലും സാമ്പത്തികമായും ഏറെ മുന്നിൽ നിൽക്കുന്ന യുകെയുടെ സ്ഥിതി ഇങ്ങനെയെങ്കിൽ മറ്റുള്ള രാജ്യങ്ങളിൽ അസുഖം മൂർച്ഛിച്ചാൽ എന്തായിരിക്കും അവസ്ഥയെന്നാണ് ആശങ്കപ്പെടുത്തുന്നത്.

യുകെയിലെ അവസ്ഥ ഏപ്രിൽ മധ്യമാകുമ്പോൾ എന്തായിരിക്കുമെന്നത് പ്രവചിക്കാനാവുന്നതിലും അപ്പുറമായിരിക്കുമെന്നാണ് ഡോക്ടർമാർ ഭയപ്പെടുന്നത്. ഐസിയുവിൽ നിലവിൽ പരിചരിച്ചിരുന്നതിനേക്കാൾ ഇരട്ടിയലധികം രോഗികളെ പരിചരിക്കാൻ നിർബന്ധിതരാവുകയാണ് നഴ്‌സുമാർ. ഇത് പരിചരണത്തിന്റെ നിലവാരത്തെയും ബാധിക്കുന്നു. ഈ രീതിയിൽ പോവുകയാണെങ്കിൽ ഇറ്റലിയും സ്‌പെയിനും കടന്നു പോയ വഴികളിലൂടെ യുകെയും കടന്നു പോകേണ്ടി വരുമെന്നും ഡോക്ടർ മുന്നറിയിപ്പു നൽകുന്നു.

Exit mobile version