എട്ട് ദിവസം കൊണ്ട് നാല് ലക്ഷം കോവിഡ് രോഗികളിൽ നിന്നും എട്ടു ലക്ഷം രോഗികളിലേക്ക്; ഏപ്രിൽ പിറന്നത് പ്രതീക്ഷ നൽകാതെ

ന്യൂയോർക്ക്: മാർച്ച് മാസത്തിൽ കൊറോണ വൈറസ് ബാധിതരിൽ ഉണ്ടായത് ആശങ്ക ഉണർത്തുന്ന വളർച്ച. ലോകമാകെ നാല് ലക്ഷം കോവിഡ് രോഗികൾ എന്ന കണക്കിൽ നിന്നും എട്ടു ലക്ഷം രോഗികളിലേക്ക് അതിവേഗത്തിലാണ് രോഗികളുടെ എണ്ണത്തിൽ വളർച്ചയുണ്ടായത്. വെറും എട്ട് ദിവസങ്ങൾ കൊണ്ടാണ് ഇരട്ടിയോളം വളർച്ച.

നിലവിലെ കണക്ക് അനുസരിച്ച് ലോകമാകെയുള്ള കോവിഡ്19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ഒരാഴ്ച മുമ്പാണ് ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമെന്ന് കണക്കാക്കിയിരുന്നത്. അമേരിക്ക, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗം പകരുന്നത് തീവ്രമായതാണ് കുതിച്ചുചാട്ടത്തിന് കാരണം. കഴിഞ്ഞ ചൊവ്വാഴ്ച 18,000 പേരാണ് രോഗം ബാധിച്ച് മരിച്ചതെങ്കിൽ ഇപ്പോൾ മരണസംഖ്യ 44,000 കടന്നു. മാർച്ച് മാസം അവസാനത്തോടെയാണ്് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായത്. അതുകൊണ്ടുതന്നെ ഏപ്രിലിലും രോഗപകർച്ച ആശങ്കകൾ മാത്രമാണ് ബാക്കിയായിരിക്കുന്നത്.

രോഗം ആദ്യം തിരിച്ചറിഞ്ഞ അന്നു മുതൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താൻ 67 ദിവമാണ് എടുത്തത്. ഇവയിൽ ഏറെയും ചൈനയിൽ നിന്നായിരുന്നു. എന്നാൽ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്താൻ വെറും 11 ദിവസം മാത്രമാണ് വേണ്ടിവന്നത്. നാലു ദിവസങ്ങൾക്കൊണ്ട് അത് മൂന്നുലക്ഷവും മൂന്നു ദിവസത്തിനുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷവുമായി ഉയർന്നു.

ഇതിന് പിന്നാലെയാണ് ഒരാഴ്ച കൊണ്ട് നാലു ലക്ഷം പേരിലേക്ക് കൂടി അധികമായി വൈറസ് പടർന്നത്. ഇതിനിടെ ഇറ്റലിയിൽ 24 മണിക്കൂറിനിടെ 969 പേർ രോഗം ബാധിച്ച് മരിക്കുന്ന ഞെട്ടിക്കുന്ന തലത്തിലേക്ക് വരെ രോഗവ്യാപനം തീവ്രമായി. ഇറ്റലിയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും രോഗം അതിവേഗമാണ് പടരുന്നത്. നിലവിൽ ലോകമെമ്പാടും 44,150 ആളുകളോളം കൊറോണ ബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. 88,2751ആളുകളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.

Exit mobile version