കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരണം ഒരു ലക്ഷത്തിൽ കുറവായാൽ അത് തന്റെ ഭരണ നേട്ടം; മനുഷ്യജീവനെ പരിഹസിച്ച് ട്രംപിന്റെ വിവാദ പരാമർശം

വാഷിങ്ടൺ: യുഎസിലെ കൊവിഡ് 19 മരണം ഒരു ലക്ഷത്തിനുള്ളിലായാൽ അത് തന്റെ നേട്ടമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ അടച്ചുപൂട്ടൽ ഒരു മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം അറിയിക്കാനായി വൈറ്റ് ഹൗസിൽ നടത്തിയ പ്രഖ്യാപനത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ജൂൺ ഒന്നിനുള്ളിൽ അമേരിക്കയിൽ കാര്യങ്ങൾ സാധാരണഗതിയിലാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

കൊറോണ വൈറസിനെ അതിന്റെ പാട്ടിന് വിട്ടാൽ അമേരിക്കയിൽ 22 ലക്ഷം പേർ മരിക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന. നിയന്ത്രണങ്ങൾ മൂലം ഈ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് താഴ്ത്താനായാൽ അതൊരു നേട്ടമാണെന്നും ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിൽ പേർ അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചാൽ പോലും അത് മികച്ച പ്രവർത്തനങ്ങളുടെ ഫലമാണെന്നും ട്രംപ് അവകാശപ്പെടുന്നു.

നേരത്തെ, ഈസ്റ്ററിന് (ഏപ്രിൽ 12) അമേരിക്കയിലെ നിയന്ത്രണങ്ങൾ നീക്കുമെന്നായിരുന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നത്. അതേസമയം, അമേരിക്കയിൽ കൊറോണ വൈറസ് പടർന്നുപിടിക്കാൻ ആരംഭിച്ച ആദ്യ ആഴ്ച്ചകളിൽ ട്രംപ് വിഷയം അതീവ ലാഘവത്തോടെ കണ്ടതാണ് ഇപ്പോൾ വലിയ വില കൊടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് രാജ്യത്തിനകത്തു നിന്നു തന്നെ വ്യാപക വിമർശനങ്ങളുണ്ട്.

അമേരിക്കയിൽ പ്രഖ്യാപിച്ച 15 ദിവസത്തെ നിയന്ത്രണം തിങ്കളാഴ്ച്ച തീരാനിരിക്കെ ഞായറാഴ്ച്ചയായിരുന്നു ട്രംപ് ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയത്. നേരത്തെ, അമേരിക്കൻ സർക്കാരിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗസി തന്നെ അമേരിക്കയിൽ ദശലക്ഷക്കണക്കിന് കൊറോണ വൈറസ് ബാധിതരും കുറഞ്ഞത് ഒരു ലക്ഷം മരണങ്ങളും ഉണ്ടാകാമെന്ന് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.

Exit mobile version