ചൈനയില്‍ രോഗം ഭേദമായവരില്‍ 10 ശതമാനം വരെ ആളുകള്‍ക്ക് വീണ്ടും കൊറോണ; ലോകത്തെ ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈന കൊവിഡ് ഭീതിയില്‍ നിന്ന് വിമുക്തമായെങ്കിലും അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ചൈനയില്‍ നിന്ന് ഇപ്പോള്‍ വരുന്നത്. ചൈനയില്‍ കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് ഏറ്റവും ഭീകരമായി ബാധിച്ച ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു.

അതെസമയം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണയില്‍ നിന്ന് മോചിതരായവരില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയത് ലോകത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചൈനയില്‍ കൊവിഡ് ബാധിച്ച് 3292 പേരാണ് മരിച്ചത്. 81,000 ത്തില്‍ അധികം പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Exit mobile version