ഷോ കാണിക്കാൻ ഇനിയും തമാശ വേണ്ട; കൊറോണ പടരില്ലെന്ന് ചലഞ്ച് ചെയ്ത് നാവ് കൊണ്ട് ടോയ്‌ലറ്റ് സീറ്റ് നക്കി; ഒടുവിൽ യുവാവിന് കൊറോണ

ന്യൂയോർക്ക്; സോഷ്യൽമീഡിയയിൽ ഇനിയും കൊറോണയെ ഗൗരവമായി എടുക്കാതെ തമാശയായി കാണുന്ന നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് ദിനംപ്രതി വരുന്നത്. കൊറോണ വൈറസ് ഇത്രവേഗത്തിൽ പടരില്ലെന്നും ഭരണകൂടങ്ങൾ ഭയപ്പെടുത്തുകയാണ് എന്നും തെളിയിക്കാനായി നിരവധി കൊറോണ ചലഞ്ചുകളും ഇതിനിടയ്ക്ക് ഉടലെടുത്തിട്ടുണ്ട്.

എന്നാൽ കൊറോണയക്ക് ഇത്തരക്കാരുടെ തമാശയൊന്നും മനസിലാവില്ലല്ലോ. ചലഞ്ച് ചെയ്ത് മണ്ടത്തരം കാണിച്ച നിരവധി പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ തന്നെ പതിനായിരക്കണക്കിന് ജീവനുകൾ കവർന്ന കൊറോണ വൈറസിനെതിരെ ഇനിയെങ്കിലും ശരിയായി പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്നാണ് ഈ വെല്ലുവിളികൾ എല്ലാം തെളിയിക്കുന്നത്.

കൊറോണ നിസാരനല്ലെന്ന് പലർക്കും വ്യക്തമായത് കൊവിഡ് 19 രോഗം ബാധിച്ചപ്പോഴാണ്. കൊറോണ വ്യാപനത്തെ പരിഹസിച്ചുകൊണ്ടും അത് അങ്ങനെ വ്യാപിക്കുന്നില്ലെന്നും തെളിയിക്കുന്നതിനായി ഒരു ടിക് ടോക് ചലഞ്ച് ഇതിനിടെ ചിലർ ആരംഭിച്ചിരുന്നു. ടോയ്‌ലറ്റിന്റെ സീറ്റ് അടക്കം നക്കിയും പല പൊതുയിടങ്ങളില വസ്തുക്കളിൽ തൊട്ടും രോഗം പകരില്ലെന്ന് തെളിയിക്കാനായിരുന്നു ഈ ചലഞ്ച്. വ്യാപക വിമർശനം ഉയർന്നിട്ടും പിന്മാറാതെ ചില മണ്ടന്മാർ ഷോ കാണിക്കാനായി ഈ ചലഞ്ച് ഏറ്റെടുത്ത് പണി വാങ്ങിയിരിക്കുകയാണ്.

സോഷ്യൽമീഡിയ ഇൻഫ്‌ലുവൻസർ ആയ ഗെഷോൺ മെൻഡസും ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. കൊറോണ ടോയ്‌ലറ്റ് സീറ്റിലൂടെ പകരില്ലെന്ന് കാണിക്കാൻ സീറ്റിൽ നക്കുന്ന വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വൈകാതെ തന്നെ എട്ടിന്റെ പണി കിട്ടി. കോവിഡ് 19 പോസിറ്റീവ് ആയി ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. കൊറോണ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വിവരവും ഗെഷോൺ തന്നെയാണ് പുറത്തുവിട്ടത്. ടോയ്‌ലറ്റ് സീറ്റ് നക്കിയതിൽ നിന്നാണോ ഇയാൾക്ക് കൊറോണ പകർന്നതെന്ന കാര്യത്തിൽ പക്ഷെ വ്യക്തതയില്ല.

കൊറോണ വൈറസ് പകരില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ച എൻബിഎ താരം റൂബി ഗോബെർട്ടിനും കോവിഡ് 19 ബാധിച്ചിരുന്നു. വാർത്താ സമ്മേളനത്തിനിടെ തന്റെ മുമ്പിലുണ്ടായിരുന്ന മൈക്കുകളിലെല്ലാം സ്പർശിച്ചു കൊണ്ടായിരുന്നു ഇയാളുടെ വെല്ലുവിളി.

Exit mobile version