കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 56 ആയി; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊറോണ കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബുധാനിയാ അല്‍ മുദ്ദഹഫും ഔദ്യോഗിക വക്താവ് ഡോക്ടര്‍ അബ്ദുല്ല അല്‍ സനദും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ കുവൈത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 56 ആയി. വൈറസ് ബാധിച്ച മുഴുവന്‍ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ്19 വൈറസ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലുള്ള പ്രവാസികള്‍ കുവൈത്തിലേക്ക് ഉടന്‍ വരേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവില്‍ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അവധിക്ക് അനുമതി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ കുവൈത്തി പൗരന്മാര്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും അവര്‍ക്കും നല്‍കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന എല്ലാവര്‍ക്കും സൗജന്യമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Exit mobile version