കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്ന അമ്മയെ കാണാൻ മകളെത്തി; അകലെ നിന്ന് കെട്ടിപ്പിടിച്ചും കണ്ണീരൊപ്പിയും ഇരുവരും: ഹൃദയഭേദകം ഈ വീഡിയോ

വുഹാൻ: ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസിനെ ലോകം തടയുന്നതിനിടെ, ചൈനയിലെ അവസ്ഥ ഗുരുതരമെന്നാണ് റിപ്പോർട്ട്. യാത്രാ വിലക്കും സ്വാതന്ത്ര്യം തടവിലാക്കപ്പെട്ട അവസ്ഥയിലും ചൈനീസ് ജനത വീർപ്പുമുട്ടുകയാണ്. ചൈനയിലെ ആതുരസേവന രംഗത്തെ പ്രവർത്തകരെല്ലാം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലാണ്. നഴ്‌സുമാരും ഡോക്ടർമാരും ഷിഫ്‌റ്റോ ഡ്യൂട്ടി സമയമോ നോക്കാതെ കൊറോണ ബാധിതരെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, തങ്ങളുടെ ഉറ്റവർക്കൊപ്പം സമയം ചെലവഴിക്കാൻ പോലും ഇവർ വിസ്മരിക്കുകയാണ്.

ഇതിനിടെയാണ്, രാവും പകലും ഡ്യൂട്ടി ചെയ്യുന്ന നഴ്‌സായ അമ്മയെ കാണാൻ ആ ഒമ്പതുവയസുകാരി എത്തിയത്. അകലെ നിന്നും ഇരുവരും സ്‌നേഹം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയുടെയും കണ്ണ് നനയിക്കുകയാണ്.

അച്ഛനൊപ്പമാണ് നഴ്‌സായ അമ്മയെ കാണാൻ ഒമ്പത് വയസുകാരിയായ മകൾ എത്തിയത്. ആശുപത്രിയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ടാണ് ഇരുവരും ആശയവിനിമയം നടത്തുന്നത്. മാസ്‌ക് ധരിച്ച് നിൽക്കുന്ന കുട്ടി അമ്മയെ കണ്ടതും പൊട്ടിക്കരയുന്നത് വീഡിയോയിൽ കാണാം. അടുത്തുവരാൻ സാധിക്കാത്തത് കാരണം അപ്പുറത്തും ഇപ്പുറത്തും നിന്ന് കെട്ടിപിടിക്കുന്നതായി ആഗ്യം കാണിക്കുന്ന ഇരുവരുടെയും ദൃശ്യം ആരുടേയും കണ്ണു നനയിപ്പിക്കും.

Exit mobile version