ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും 28 മണിക്കൂറിന് ശേഷം അമ്മയും രണ്ടുവയസുകാരിയും ഒരു പരിക്കുമില്ലാതെ പുറത്തേക്ക്; അത്ഭുതം!

അങ്കാറ: വൻ ദുരന്തമുണ്ടാക്കിയ ഭൂകമ്പത്തിൽ നിന്നും 28 മണിക്കൂറിന് ശേഷം പരിക്കുകളൊന്നുമില്ലാതെ അമ്മയേയും രണ്ടുവയസുകാരി കുഞ്ഞിനേയും രക്ഷിച്ച് പുറത്തെത്തിച്ച് രക്ഷാപ്രവർത്തകർ. തകർന്നുവീണ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങൾക്കുള്ളിൽ നിന്നാണ് കുടുങ്ങി കിടന്ന അമ്മയും കുഞ്ഞും പുറംലോകത്തെത്തിയത്. 28 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങൾക്കുളളിൽ കുടുങ്ങിക്കിടന്നതിനു ശേഷമാണ് കുട്ടിയെ പുറത്തെത്തിച്ചത്.

തുർക്കിയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിന് 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ദുരന്തത്തിൽ 38 പേർ കൊല്ലപ്പെടുകയും 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളടക്കം നിലംപതിച്ച് വലിയ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

തുർക്കിയിലെ കിഴക്കൻ മേഖലയായ എലസിഗിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കുള്ളിലാണ് 35കാരി അയ്‌സെ ഇൽദിസും രണ്ട് വയസുകാരി മകൾ യുസ്രയും അകപ്പെട്ടത്. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്മയേയും മകളേയും ജീവനോടെ പുറത്തെത്തിച്ചത്.

പ്രാഥമിക പരിശോധനയിൽ ഇരുവർക്കും സാരമായ പരിക്കുകളൊന്നുമില്ല. വിദഗ്ധ നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വലിയ ദുരന്തമായിട്ടും പരിക്കുകളൊന്നുമില്ലാതെ ഇരുവരും രക്ഷപ്പെട്ടത് അത്ഭുതകരമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

Exit mobile version