ഇനി ഓക്‌സ്ഫഡ് ഡിക്ഷണറിയിൽ ഹർത്താലും നോൺ-വെജും വിവാഹവും!

ന്യൂഡൽഹി: പുതുക്കിയ ഓക്‌സ്ഫഡ് ഇംഗ്ലീഷ് അഡ്വാൻസ്ഡ് ലേണേഴ്‌സ് ഡിക്ഷണറിയിൽ ഇന്ത്യയിൽ നിന്നും നിരവധി വാക്കുകൾ ഇടം പിടിച്ചു. ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിൽ ‘ഹർത്താൽ’ ഇടം പിടിച്ചത് കൗതുകമായി. പുതുതായി ചേർന്ന 26 ഇന്ത്യൻ ഇംഗ്ലിഷ് പദങ്ങളുടെ കൂട്ടത്തിൽ ഹർത്താലും ആധാറും ഡബ്ബയും (ചോറ്റുപാത്രം) ശാദിയും (വിവാഹം) നോൺ-വെജും വെജും ആന്റിയും ചാവൽ-ഉം(അരി) ഉൾപ്പെട്ടിട്ടുണ്ട്.

ഡിക്ഷണറി ഓഫ് ഇംഗ്ലീഷിന്റെ 10ാം പതിപ്പിൽ 384 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടെ പുതുതായി ആയിരം വാക്കുകളാണുള്ളത്. ചാറ്റ്‌ബോട്, ഫേക്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് തുടങ്ങിയ വാക്കുകൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം ഇന്ത്യയിൽ വ്യാപകമായി പ്രയോഗത്തിലുള്ള ഇംഗ്ലീഷ് പദങ്ങളായ ബസ് സ്റ്റാന്റ്, ട്യൂബ് ലൈറ്റ്, ഡീംഡ് യൂണിവേഴ്‌സിറ്റി, എഫ്‌ഐആർ എന്നിവ അച്ചടിച്ച പതിപ്പിലും കറന്റ് (വൈദ്യുതി), ലൂട്ടർ (മോഷ്ടാവ്), ലൂട്ടിങ് (മോഷണം), ഉപജില്ല എന്നീ വാക്കുകൾ ഓൺലൈൻ പതിപ്പിലും ഇടംപിടിച്ചു.

പുതുക്കിയ ഡിക്ഷണറിയുടെ ആപ്പ് ലഭ്യമാണ്. പഠനസഹായിയായി വെബ്‌സൈറ്റുമുണ്ട്.

Exit mobile version