ഹാരി രാജകുമാരനും ഭാര്യ മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ചു; 3 മില്യൺ ഇരുവരും തിരിച്ചടയ്ക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് എലിസബത്ത് രാജ്ഞി

ലണ്ടൻ: ആ ഞെട്ടിക്കുന്ന തീരുമാനത്തിന് ഒടുവിൽ ബക്കിങ്ഹാം കൊട്ടാരത്തിന്റെ പിന്തുണ. ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും രാജകീയ പദവികൾ ഉപേക്ഷിക്കുകയാണെന്ന് സ്ഥിരീകരിച്ച് എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക കുറിപ്പ്. ഇരുവരും രാജകീയപദവികൾ ഉപേക്ഷിക്കുന്നതിനൊപ്പം പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രസ്താവനയിൽ കൊട്ടാരം അറിയിച്ചു. ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങൾക്കും നടന്ന ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവർഷത്തോളം തന്റെ കൊച്ചുമകനും ഭാര്യയും നേരിട്ട വെല്ലുവിളികളെ താൻ അംഗീകരിക്കുന്നുവെന്നും കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താൻ പൂർണമായും പിന്തുണയ്ക്കുന്നെന്നും രാജ്ഞി വ്യക്തമാക്കി.

ഹാരിയും മേഗനും ഇനിമുതൽ രാജകീയ പദവികൾ ഉപയോഗിക്കില്ലെന്നും അവർക്ക് രാജകീയ സ്ഥാനങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കില്ലെന്നും കൊട്ടാരത്തിന്റെ പ്രസ്താവനയിൽ അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച് സൈനിക നിയമനം ഉൾപ്പെടെയുള്ള ഔദ്യോഗിക ചുമതലകളിൽനിന്ന് ഇരുവരെയും മാറ്റിനിർത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. മാർച്ച് മാസത്തോടെ ഇത് നടപ്പിൽവരുമെന്നും കൊട്ടാരം അറിയിച്ചു.

രാജകീയപദവികൾ ഉപേക്ഷിക്കുന്നതിനൊപ്പം ഇരുവരും നേരത്തെ ചെലവഴിച്ച പണം തിരിച്ചുനൽകും. 3.1 മില്യൺ ഡോളർ(ഏകദേശം 22 കോടി) ആണ് ഇരുവരും തിരിച്ചടയ്ക്കുക. വിൻഡ്സർ കാസിലിന് സമീപം ഇവർ താമസിച്ചിരുന്ന ഫ്രോഗ്മോർ കോട്ടേജ് നവീകരിക്കുന്നതിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചിരുന്നത്. ഹാരിയും മേഗനും രാജകീയ പദവികൽ ഉപേക്ഷിച്ച് ഇനി കാനഡയിലാണ് തുടർന്ന് താമസിക്കുക. എന്നാൽ ഇരുവരുടേയും താമസം, സുരക്ഷ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൊട്ടാരം വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

Exit mobile version