ജീവിതം ‘ബോറിങ്’; ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പെൺസുഹൃത്തിനെ തേടി ശതകോടീശ്വരൻ; 20 വയസിന് മുകളിലുള്ളവർക്ക് അവസരം!

ടോക്കിയോ: ചന്ദ്രനിലേക്കുള്ള വിനോദയാത്രയ്ക്ക് കൂട്ടായി ഒരു പെൺസുഹൃത്ത് വേണമെന്ന ചിന്ത തലയിൽ ഉദിച്ചപ്പോൾ ഓൺലൈനിൽ പരസ്യം നൽകിയിരിക്കുകയാണ് ജപ്പാനിലെ പ്രമുഖ വ്യവസായി. ജപ്പാനിലെ പ്രമുഖ ഫാഷൻ കമ്പനിയായ സോസോയുടെ മുൻ മേധാവിയും വ്യവസായിയുമായ യുസാക്കു മെസാവയാണ് ചാന്ദ്രയാത്രയ്ക്ക് പെൺസുഹൃത്തിനെ തേടുന്നത്. ഓൺലൈൻ പരസ്യത്തിൽ പറയുന്നത് അവിവാഹിതരും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ അപേക്ഷിക്കാനാണ്. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ചാന്ദ്ര യാത്ര മോഹിച്ച് അപേക്ഷിച്ചതു കൊണ്ടു മാത്രമായില്ല, ഡേറ്റിങ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെൺസുഹൃത്താക്കണോ വേണ്ടയോ എന്നൊക്കെ മെസാവ തീരുമാനിക്കുകയുള്ളൂ. നിലവിൽ രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള 44കാരനായ യുസാക്കു മെസാവ അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ലിവ് ഇൻ റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്.

ഇതിനുശേഷം ഏകനായ മെസാവ പങ്കാളികളില്ലാത്ത ജീവിതം ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ പരസ്യം നൽകിയതെന്നും പരസ്യത്തിൽ വിശദീകരിക്കുന്നു. അതേസമയം, 2023-ലോ അതിനുശേഷമോ ആയിരിക്കും സ്പേസ്എക്സിന്റെ ബഹിരാകാശ യാത്ര. ഈ യാത്രയിൽ കൂട്ടുപോകാനാണ് മെസാവ പെൺസുഹൃത്തിനെ കാത്തിരിക്കുന്നത്. മാത്രമല്ല, യാത്ര ഒന്ന് കളറാക്കാൻ ഏതാനും ചില കലാകാരന്മാരേയും ഒപ്പം കൂട്ടാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

Exit mobile version