അപകടകാരണം സാങ്കേതിക തകരാറല്ല, 176 യാത്രക്കാരുമായി പോയ യുക്രൈന്‍ വിമാനം ഇറാന്‍ വെടിവെച്ച് വീഴ്ത്തിയതെന്ന് യുഎസ് മാധ്യമങ്ങള്‍

യുഎസ് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്

കീവ്: 176 യാത്രക്കാരുമായി തെഹ്‌റാനില്‍ നിന്നും പുറപ്പെട്ട യുക്രൈന്‍ വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിനിടെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവരുന്നത്. യുഎസ് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്.

തെഹ്‌റാനില്‍നിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനമാണ് തകര്‍ന്നുവീണത്. ഇറാന്‍ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്.

ഇറാഖിലെ യുഎസ് സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് അപകടം. ഈ അപകടത്തെച്ചൊല്ലി ഇനിയും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. വിമാനവേധമിസൈല്‍ പതിച്ചോ, ആകാശത്തെ കൂട്ടിയിടിയിലോ, എന്‍ജിന്‍ പൊട്ടിത്തെറിച്ചോ, ഭീകരര്‍ വിമാനത്തില്‍ സ്‌ഫോടനം നടത്തിയോ ഉണ്ടായ അപകടമാണോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് യുക്രൈന്‍ അധികൃതരും അറിയിച്ചു.

വിമാനത്തിന് സാങ്കേതികത്തകരാര്‍ ഉണ്ടായെന്നാണ് ഇറാന്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തീപിടിച്ച് വീഴുകയായിരുന്നു.വിമാനാവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് യുക്രൈന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡനിലോവ് വ്യാഴാഴ്ച പറഞ്ഞത്.

Exit mobile version