ഇറാന്റെ ആക്രമണത്തിൽ ഒരു അമേരിക്കക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ല; തുടർ ആക്രമണത്തിന് യുഎസ് ഇല്ല; സുലൈമാനി കൊടുംഭീകരൻ ആയിരുന്നെന്നും ട്രംപ്

വാഷിങ്ടൺ: ഇറാൻ യുഎസിന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടത്തിയ മിസൈൽ ആക്രമണത്തിനും ഇറാന്റെ ഖുദ്‌സ് സേനാ തലവൻ ഖാസിം സുലൈമാനിയുടെ വധത്തിനും ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് പ്രസിഡന്റ് ട്രംപ്. ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു അമേരിക്കക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യുഎസ് സൈന്യം എന്തിനും തയാറാണെന്നും, എന്നാൽ യുഎസ് തുടർ ആക്രമണത്തിനില്ലെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാന്റെ അവകാശവാദം.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാൻ. ആണവശക്തിയാകാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഈ വാക്കുകളോടെയായിരുന്നു ഇറാനുമായുള്ള സംഘർഷം സംബന്ധിച്ച വാർത്താസമ്മേളനം ട്രംപ് ആരംഭിച്ചത്.

ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണമെന്നു പറഞ്ഞ ട്രംപ് ലോകത്തിലെ ഒന്നാംനിര ഭീകരനെന്നാണ് ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ വിശേഷിപ്പിച്ചത്. ഖാസിം സുലൈമാനിയുടെ വധത്തിലൂടെ ലോകത്തിലെ ഒന്നാംനിര ഭീകരനെയാണ് യുഎസ് ഇല്ലാതാക്കിയത്. ലോകത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾക്ക് സഹായം നൽകിയ വ്യക്തിയായിരുന്നു സുലൈമാനി. ഹിസ്ബുള്ളയെ ഉൾപ്പെടെ അയാൾ പരിശീലിപ്പിച്ചു. ആഭ്യന്തര യുദ്ധത്തിലും എരിതീയിൽ എണ്ണപകർന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ ആക്രമണം നടത്തിയതിനു പിന്നിലും സുലൈമാനിയാണെന്നും ട്രംപ് ആരോപിച്ചു.

Exit mobile version