മരണംകൊണ്ട് ദൗത്യം അവസാനിക്കുന്നില്ല, ആത്മവീര്യം ഇരട്ടിക്കുന്നു, പ്രതികാരം ചെയ്യും സൂക്ഷിച്ചോ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

തെഹ്റാന്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഖുദ്സ് സൈനിക കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കക്കെതിരെ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഈ മരണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തങ്ങളുടെ ആത്മധൈര്യം ഇരട്ടിക്കുകയാണെന്നും ഖാംനഈ പറഞ്ഞു.

ബഗ്ദാദ് വിമാനത്താവളത്തില്‍ വ്യോമാക്രമണം നടത്തിയാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഖുദ്സ് സൈനിക കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ്‌
അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൊണ്ട് ആയത്തുല്ല അലി ഖാംനഈ അടക്കം നിരവധി പേര്‍ രംഗത്തെത്തിയത്.

സുലൈമാനിയുടെ മരണംകൊണ്ട് അദ്ദേഹത്തിന്റെ ദൗത്യം അവസാനിക്കുന്നില്ലെന്നും ഇറാന്‍ സൈന്യത്തിന്റെ ആത്മവീര്യം ഇരട്ടിക്കുകയാണ് ചെയ്തതെന്നും ഖാംനഈ പറഞ്ഞു. നിസ്വാര്‍ത്ഥനും പ്രിയപ്പെട്ടവനുമാണ് സുലൈമാനി. സുലൈമാനിയുടെ മരണം വേദനയുണ്ടാക്കുന്നതാണെങ്കിലും കൊലപാതകികളുടെയും അക്രമികളുടെയും ജീവിതം ഇനി കൂടുതല്‍ വേദനാപൂര്‍ണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹുമാന്യനായ മേജര്‍ ജനറല്‍ സുലൈമാനിയെ ഭൂമിയിലെ ഏറ്റവും ക്രൂരരായ മനുഷ്യരാണ് കൊലപ്പെടുത്തിയത്. ലോകത്തെ കൊള്ളയടിക്കുന്നവര്‍ക്കും പിശാചുക്കള്‍ക്കുമെതിരെ വര്‍ഷങ്ങളോളം പോരാടിയ ധീരനായിരുന്നു അദ്ദേഹം. ജനറല്‍ സുലൈമാനി അടക്കമുള്ളവരുടെ രക്തം ചിന്തിയ ക്രിമിനലുകള്‍ രൂക്ഷമായ പ്രതികാരത്തിനായി കാത്തിരുന്നു കൊള്ളുക. അദ്ദേഹത്തിനു വേണ്ടി പകരം ചോദിക്കുമെന്നും ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കി.

സുലൈമാനിയെ കൊലപ്പെടുത്തിയവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വിദേശമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ഹത്താമി പറഞ്ഞു.പശ്ചിമേഷ്യന്‍ മേഖലയില്‍ തങ്ങളുടെ പരാജയത്തിലുള്ള നിരാശയും ദൗര്‍ബല്യവും മറച്ചുവെക്കാനുള്ള നീക്കമാണ് അമേരിക്കയുടേതെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി പറഞ്ഞു.

Exit mobile version