ഹെലികോപ്റ്റർ തകർന്ന് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ കൊല്ലപ്പെട്ടു

തായ്‌പേയി: സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് തായ്വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ദ്വീപിലെ പർവത പ്രദേശത്ത് ഇവർ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നതെന്ന് അധികൃതർ അറിയിച്ചു. തായ്‌വാൻ ചീഫ് ഓഫ് സ്റ്റാഫ് ഷെൻ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി ഉച്ചയോടെയാണ് തായ്വാൻ വ്യോമസേന കമാൻഡർ സ്ഥിരീകരിച്ചത്.

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 13 യാത്രക്കാർ ഹെലികോപ്റ്ററുണ്ടായിരുന്നു എന്നാണ് വിവരം. സോങ്ഷാൻ വിമാനത്താവളത്തിൽ നിന്നും 8 മണിയോടെ യിലാൻ പ്രവിശ്യ ലക്ഷ്യമാക്കി പറന്നുയർന്ന കോപ്റ്ററുമായുള്ള ബന്ധം അധികം വൈകാതെ നഷ്ടപ്പെടുകയായിരുന്നു. 8.07നാണ് അവസാനമായി കോപ്റ്ററുമായി ബന്ധപ്പെടാനായതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

തെക്ക് കിഴക്കൻ തായ്‌പേയിയിലെ പർവ്വത നിരയിൽ ഇടിച്ച് തകർന്നതാകാമെന്നാണ് സംശയം. ജനുവരി 11-ന് തായ്വാനിൽ പ്രസിഡന്റ്-പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് അപകടം.

Exit mobile version