ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി: ലാഭിച്ചത് 91 ലക്ഷം രൂപയോളം

ബ്രിട്ടണ്‍: ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടന്റെ പ്രധാനമന്ത്രി ലാഭിച്ചത് 91 ലക്ഷം രൂപ. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പെണ്‍സുഹൃത്ത് കേരി സൈമണ്ട്‌സുമാണ് സാധാരണക്കാരായി യാത്രകള്‍ നടത്തിയത്.

കരീബിയന്‍ ദ്വീപുകളില്‍ പുതുവര്‍ഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും. കരീബിയന്‍ ദ്വീപുരാഷ്ട്രമായ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രെനഡെന്‍സിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര.

ലണ്ടനില്‍ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാള്‍ പകര്‍ത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയാക്കിയത്. വിന്‍ഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കേരിയുമാണ് ചിത്രത്തില്‍.

കാര്യമായ സുരക്ഷാപ്പട ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയര്‍വേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാല്‍ ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സിന്റെ സ്വകാര്യ വിമാനത്തില്‍ പോവുകയായിരുന്നെങ്കില്‍ ഒരാള്‍ക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ട് (ഏകദേശം 93.44 ലക്ഷം രൂപ) ആണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇവരുടെ യാത്രാ വിശേഷം.

Exit mobile version